Advertisement

‘ബുംറയെ വിമർശിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു’; ഷമി

February 16, 2020
Google News 1 minute Read

ജസ്പ്രീത് ബുംറയെ വിമർശിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇന്ത്യക്കായി ബുംറ ചെയ്തതൊക്കെ എങ്ങനെ മറക്കാൻ സാധിക്കുന്നു എന്നും ഷമി ചോദിച്ചു. ഹാമിൽട്ടണിൽ ന്യൂസിലൻഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിനു ശേഷമാണ് ഷമി മനസ്സു തുറന്നത്.

“പുറത്തു നിന്ന് ഒരാളെ വിമർശിക്കാൻ എളുപ്പമാണ്. തിരിച്ചുവരവിന് ഒരുപാട് ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ, കളിക്കാരെ വിമർശിച്ചാണ് ആളുകൾ പണമുണ്ടാക്കുന്നത്. ഇന്ത്യക്കായി ബുംറ ചെയ്തതൊക്കെ എങ്ങനെയാണ് മറക്കാനാവുക? ആളുകൾ അയാളെപ്പറ്റി സംസാരിക്കുന്നതൊക്കെ ശരി. പക്ഷേ, മൂന്നോ നാലോ മത്സരങ്ങൾക്കു ശേഷം ഒരു നിഗമനത്തിൽ എത്തരുത്.”- ഷമി പറഞ്ഞു.

ന്യൂസിലൻഡിനെതിരായ ഏകദിന സീരീസിൽ ബുംറക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. എന്നാൽ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ന്യൂസിലൻഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിൽ, 11 ഓവറുകൾ പന്തെറിഞ്ഞ ബുംറ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

നേരത്തെ ഇന്ത്യ ബുംറയെ അമിതമായി ആശ്രയിക്കുന്നു എന്ന് മുൻ താരം ആശിഷ് നെഹ്റ പറഞ്ഞിരുന്നു. ബുംറ എല്ലാ കളികളിലും വിക്കറ്റിടുമെന്ന് പ്രതീക്ഷിക്കുന്നത് അസംബന്ധമാണെന്നും അത് ശരിയായ നടപടി അല്ലെന്നും നെഹ്റ പറഞ്ഞു. അദ്ദേഹം പരുക്ക് മാറിയാണ് തിരിച്ചെത്തിയതെന്ന് ഓര്‍മിക്കണം. എല്ലായ്പ്പോഴും ഒരേ ഫോമിൽ കളിക്കുക എന്നത് ബുദ്ധിമുട്ടാണ്. വിരാട് കോലിക്കു പോലും ഈ പരമ്പര അത്ര നല്ലതായിരുന്നില്ല. ഇന്ത്യൻ ടീം മാനേജ്മെൻ്റ് പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുമ്പോൾ അല്പം കൂടി ശ്രദ്ധിക്കണം. ഷമിയും ബുംറയുമല്ലാത്ത മറ്റു പേസർമാരും തങ്ങളുടെ റോളുകൾ എന്താനെന്ന് മനസ്സിലാക്കണം. കഴിഞ്ഞ രണ്ട് വർഷമായി ബുംറയും ഷമിയും കൂടി വിക്കറ്റെടുക്കുന്നത് അവർ പരിചയിച്ചു പോയി. ബുംറക്കു മേൽ കടുത്ത സമ്മർദ്ദമാണ് ഉള്ളതെന്നും നെഹ്റ പറഞ്ഞു.

ബുംറയുടെ കരിയറിലെ തന്നെ ഏറ്റവും മോശം സീരീസാണ് ന്യൂസിലൻഡിനെതിരെ കഴിഞ്ഞത്. അവസാനത്തെ 7 ഏകദിനങ്ങളിൽ നിന്ന് ബുംറ നേടിയത് രണ്ടേ രണ്ട് വിക്കറ്റുകളാണ്. അതേത്തുടർന്ന് ഐസിസി റാങ്കിംഗിലും ബുംറക്ക് തിരിച്ചടി നേരിട്ടു. ഏറെക്കാലമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബുംറ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Story Highlights: Mohammed Shami, Jasprit Bumrah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here