സെക്രട്ടേറിയറ്റിനു മുന്നിലെ ഷഹീൻബാഗ് ഉൾപ്പടെയുള്ള സമരപ്പന്തലുകൾ പൊളിച്ചുമാറ്റണമെന്ന് പൊലീസ്

സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റാൻ പൊലീസിന്റെ നിർദേശം. ഷഹീൻബാഗ് ഉൾപ്പടെയുള്ള സമരപ്പന്തലുകൾ പൊളിച്ചുമാറ്റാനാണ് പൊലീസ് സമരക്കാർക്ക് നോട്ടിസ് നൽകിയത്. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയതെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.

രണ്ടു ദിവസത്തിനകം സമരപ്പന്തൽ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ടാണ് കന്റോൺമെന്റ് പൊലീസ് സമരക്കാർക്ക് നോട്ടീസ് നൽകിയത്. സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന് മുൻവശം കാഴ്ച്ച മറയ്ക്കുന്ന രീതിയിൽ പന്തൽ കെട്ടി സമരം ചെയ്യുന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയ്ക്ക് കാരണമാകുമെന്നാണ് പോലീസിന്റെ വാദം. ഇത് കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് പൊലീസ് വാദിക്കുന്നു. എന്നാൽ സമരം അവസാനിപ്പിക്കാൻ സമരക്കാർ തയ്യാറല്ല.

അതേ സമയം, വാളയാർ സമരപ്പന്തലും പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നഗരസഭ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റിയത് വിവാദമായിരുന്നു. ഷഹീൻബാഗും, വാളയാർ വിഷയവും വലിയ ചർച്ചയായ പ്രശ്ഞങ്ങളായതിനാൽ തുടർനീക്കങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനാണ് പൊലീസ് തലപ്പത്തെ നീക്കം.

നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കൊപ്പം ഒരുക്കിയിരിക്കുന്ന ചതിക്കുഴിയാണ് ദേശീയ പൗരത്വ രജിസ്റ്ററെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സെന്‍സസിനൊപ്പം പൗരത്വ രജിസ്റ്റര്‍ തയാറാക്കാനാണ് രാജ്യമാകെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. നമ്മുടെ സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ കാര്യവും ഇവിടെ ഉദിക്കുന്നില്ല. സെന്‍സസ് എടുക്കാന്‍ കേരളം തയാറാണ്. എന്നാല്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ ഭാഗമായുള്ള കണക്കെടുപ്പുകള്‍ നടത്താന്‍ കേരളം തയാറല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ നിലപാട് കേന്ദ്ര സര്‍ക്കാരിനെയും കേരളത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തില്‍ ആശങ്ക വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Secretariat, Kerala Police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top