ഇഷ്ഫാഖ് അഹ്മദ് അഴിമതിക്കാരനെന്ന് മൈക്കൽ ചോപ്ര; ചോപ്രക്കെതിരെ നടപടി എടുക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹ്മദിനെതിരെ മുൻ താരം മൈക്കൽ ചോപ്ര. ടീമിലേക്ക് താരങ്ങളെ എത്തിക്കാൻ ഇഷ്ഫാഖ് കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് ചോപ്ര ആരോപിച്ചത്. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആരോപണം ഉന്നയിച്ച ചോപ്രക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

“കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ എത്തിക്കുന്നതിനായി താങ്കൾ കൈക്കൂലി വാങ്ങുന്നതിനെപ്പറ്റി എന്താണ് പറയാനുള്ളത്, ഇഷ്ഫാഖ് അഹ്മദ്? നിങ്ങളുടെ ക്ലബിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ മഞ്ഞപ്പട”- ചോപ്ര ട്വിറ്ററിൽ കുറിച്ചു. കേരള ബ്ലാസ്റ്റേഴ്സ്, ഇഷ്ഫാഖ് അഹ്മദ്, മഞ്ഞപ്പട എന്നിവരെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ചോപ്രയുടെ ട്വീറ്റ്.

ട്വീറ്റ് പുറത്തു വന്നതിനു പിന്നാലെ ചോപ്രക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു. “ക്ലബിനെതിരെയും ക്ലബ് ഒഫീഷ്യലുകൾക്കെതിരെയും നടത്തിയ പ്രസ്താവനകൾ പ്രകാരം മൈക്കൽ ചോപ്രക്കെതിരെ ക്ലബ് നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ഒരു കളിക്കാരൻ എന്ന നിലയിൽ പരിശീലക സംഘത്തിലെ അംഗം എന്ന നിലയിലും ഇഷ്ഫാഖിൻ്റെ സംഭാവനകളെ ക്ലബ് വിലമതിക്കുന്നു. ഇനിയും ഒരുപാട് നാൾ അദ്ദേഹം ക്ലബിൽ തുടരും”- ട്വിറ്ററിൽ പങ്കു വെച്ച വാർത്താക്കുറിപ്പിലൂടെ ക്ലബ് അറിയിച്ചു.

ഇംഗ്ലീഷ് ക്ലബ് ന്യൂകാസിലിൻ്റെ മുൻ കളിക്കാരനായ മൈക്കൽ ചോപ്ര 2014, 2016 സീസണുകളിലാണ് ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. ഒരു ഗോൾ മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ഇഷ്‌ഫാഖ് അഹ്മദ് ചോപ്രയോടൊപ്പം ബ്ലാസ്റ്റേഴ്സിൽ കളിച്ച താരമാണ്.

Story Highlights: Kerala Blasters to initiate legal proceedings against Michael Chopra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top