തോക്കുകൾ കാണാതായ സംഭവം; ക്രൈംബ്രാഞ്ച് ഇന്ന് പരിശോധന നടത്തും

പൊലീസിന്റെ തോക്കുകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് പരിശോധന ഇന്ന്. എസ്എപി ക്യാമ്പിലെ ഇൻസാസ് റൈഫിളുകളാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുക. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയും പരിശോധനയിൽ പങ്കെടുക്കും.

എസ്എപി ക്യാംപിലെ 25 ഇൻസാസ് റൈഫിളുകൾ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് ഡിജിപിയുടെ നിർദേശപ്രകാരം വീണ്ടും തോക്കുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ക്യാമ്പിലെ 606 ഇൻസാസ് റൈഫിളുകളാണ് പരിശോധിക്കുക. രാവിലെ 11 മണിക്കാണ് പരിശോധന. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് തോക്കുകൾ പരിശോധിക്കുന്നത്.

തോക്ക് കൈമാറ്റവുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ച് വരികയാണ്. എന്നാൽ, തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് നൽകിയ വിശദീകരണം. സിഎജിയുടെ പരിശോധനാ സമയം ചില തോക്കുകൾ ബറ്റാലിയനുകൾക്ക് നൽകിയിരുന്നുവെന്നും, പിന്നീട് അത് ക്യാമ്പിൽ തന്നെ തിരികെ എത്തിച്ചുവെന്നുമാണ് പൊലീസിന്റെ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top