വരുന്നൂ ‘സ്മാർട് ഡയപ്പറുകൾ’; നനഞ്ഞോ എന്ന് അറിയാൻ ബുദ്ധിമുട്ട് ഇനിയില്ല

കുഞ്ഞുങ്ങൾക്ക് വേണ്ടി ഡയപ്പർ ഉപയോഗിക്കാത്ത രക്ഷിതാക്കൾ കുറവായിരിക്കും. എന്നാൽ കുഞ്ഞുങ്ങൾ കരയുകയോ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയോ ചെയ്യുമ്പോഴാണ് മൂത്രമൊഴിച്ച് ഡയപ്പർ നനഞ്ഞ വിവരം രക്ഷിതാക്കൾ അറിയുക. അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് അത് പരിശോധിക്കേണ്ടതായും വരാറുണ്ട്. എന്നാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയൊരു സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് മസാച്യൂസെറ്റ്‌സ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധർ.
ഇപ്പോൾ എല്ലാ ഉപകരണങ്ങളും സ്മാർട് ആണ്. നമ്മോട് സംസാരിക്കുകയും നോട്ടിഫിക്കേഷൻ അയക്കുകയും ചെയ്യുന്ന ഉപകരണങ്ങൾ സർവസാധാരണം. പിന്നെ എന്തുകൊണ്ട് ഡയപ്പറുകൾ സ്മാർടായിക്കൂടാ?അതെ, ‘സ്മാർട് ഡയപ്പറും’ ആയാണ് ഈ ഗവേഷകർ മുന്നോട്ട് വന്നിരിക്കുന്നത്. നനയുമ്പോൾ ആളുകൾക്ക് ഈ ഡയപ്പറുകൾ അലേർട്ട് നൽകും. ശബ്ദമുണ്ടാക്കിയാണ് കുട്ടിക്ക് അടുത്ത ഡയപ്പർ ആവശ്യമുണ്ടെന്ന കാര്യം രക്ഷിതാവിനെ അറിയിക്കുക.
Read Also: കുഞ്ഞുങ്ങൾ കരയുന്നത് എന്തിനെന്നോർത്ത് ഇനി ടെൻഷൻ വേണ്ട; സഹായത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ഇവ ഉണ്ടാക്കിയിരിക്കുന്നത് ഡയപ്പർ മാറ്റാൻ ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്ക് വേണ്ടി മാത്രമല്ല, പ്രസവ വാർഡിലുള്ള നേഴ്‌സുമാർക്കും ഡയപ്പർ ആവശ്യമുള്ള, എന്നാൽ നനഞ്ഞോ എന്ന് പരിശോധിക്കാൻ മടിയുള്ള മുതിർന്നവർക്കും കൂടി വേണ്ടിയാണ്. ഡയപ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്ന മോയ്‌സ്ചർ സെൻസറുകളാണ് ഇതിന് സഹായിക്കുന്നത്. ഈ സെൻസറുകൾ ഈർപ്പമുണ്ടോ എന്ന് മനസിലാക്കുകയും അടുത്തുള്ള റിസീവറിന് സിഗ്നൽ നൽകുകയും ചെയ്യും. ഇത് നോട്ടിഫിക്കേഷനായി സ്മാർട് ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അയക്കാം. ഈ സെൻസറിന് രണ്ട് സെന്റ് അഥവാ രണ്ടര രൂപയ്ക്ക് താഴെ മാത്രമേ വില വരികയുള്ളൂ. പാസീവ് ആർഎഫ്‌ഐഡി ചിപ്പാണ് സെൻസറിനെ ഇതിന് സഹായിക്കുന്നത്. ചെലവ് കുറഞ്ഞതും ഒരു തവണ ഉപയോഗിച്ചാൽ കളയാവുന്നതും ആണ് ഈ ചിപ്പുകൾ, ബാർ കോഡുകൾ പോലെ സുഗമമായി ഉപയോഗിക്കാവുന്നവ.
‘ബോ ടൈ’ യുടെ രൂപത്തിലാണ് ഈ ഡയപ്പറിലുള്ള സെൻസർ. ബോയുടെ രണ്ട് ഭാഗങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ഹൈഡ്രോജെൽ സൂപ്പർ അബ്‌സോർബന്റ് പോളിമർ (sap) ഉപയോഗിച്ചാണ്. ഇവയുടെ നടുവിൽ ആർഎഫ്‌ഐഡി ചിപ്പുമുണ്ടാകും. ഡയപ്പർ നനയുന്പോള്‍ ഈ മെറ്റീരിയലിന്റെയും ചിപ്പിന്റെയും യോജിച്ചുള്ള പ്രവർത്തനം വഴിയാണ് റേഡിയോ തരംഗ രൂപത്തിലുള്ള സിഗ്നലുകൾ അയക്കുക. ഒരു മീറ്റർ അകലെ വരെ സിഗ്നൽ അയക്കാനാവുന്ന വിധത്തിൽ കോപ്പറിന്റെ അംശം ഉപയോഗിച്ച് ഗവേഷകർ ഇവയെ പരുവപ്പെടുത്തിയിരിക്കുന്നു. നനയുമ്പോൾ നിറം മാറുന്ന ഡയപ്പറുകൾക്ക് വേണ്ടിയും ബ്ലൂടൂത്ത് അല്ലെങ്കിൽ വൈഫൈ ഉപയോഗിക്കാവുന്നവയ്ക്ക് വേണ്ടിയും ആയിരുന്നു നേരത്തെയുള്ള റിസേർച്ചുകൾ. എന്നാല്‍ ഈ ഡയപ്പറുകള്‍ ആ കണ്ടുപിടുത്തങ്ങളെ ഒക്കെ കടത്തി വെട്ടിയിരിക്കുകയാണ്.
കടപ്പാട്: യൂണിവേഴ്സല്‍ ഹബ്ബ്
smart diapers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here