‘പേടിക്കേണ്ടതായി ഒന്നും ഇല്ല’ സ്‌നേഹിക്കുന്നവർക്കായി വാവ സുരേഷിന്റെ കുറിപ്പ്

പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിന് കേരളത്തിലുടനീളം നിരവധി ആരാധകരുണ്ട്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ പാമ്പ് കടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സുരേഷിന്റെ ആരാധകർ മണ്ണാറശാലയിൽ വഴിപാട് നേർന്നിരുന്നതായി വാർത്തയുണ്ടായിരുന്നു.
പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ കവലയിൽ വച്ചായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഒരു വീട്ടിലെ കിണറിൽ നിന്ന് പിടിച്ച അണലിയാണ് വാവയെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെ സുരേഷിന്റെ കൈയിൽ കടിയേൽക്കുകയായിരുന്നു.
Read Also: ഐസിയുവില്‍ തുടരുന്ന വാവ സുരേഷിന് വേണ്ടി വഴിപാടുമായി ആരാധകര്‍
സംഭവത്തെക്കുറിച്ച് നിരവധി വ്യാജ വാർത്തകൾ രംഗത്ത് വന്നതിനെ തുടർന്ന് ഫേസ്ബുക്കിൽ കുറിപ്പുമായി സുരേഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കുറിപ്പ് വായിക്കാം,
നമസ്‌കാരം..13/02/2020 പത്തനാപുരത്തിന് അടുത്ത് വച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന രാവിലെ 10.30 മണി സമയത്ത് അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലിൽ വെച്ച് തുടർചികിത്സാപരമായി എംഡിഐസിയുവിൽ പ്രേവേശിപ്പിക്കുകയും ചെയ്തു.
ഒരുപാട് ഫേക്ക് ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന തെറ്റിദ്ധധാരണ ആയ വാർത്തകൾക്ക് പിന്നിൽ ആരും പോകാതിരിക്കുക.. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റും. എംഡിഐസിയുവിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. വാർഡിലേക്ക് വന്നതിന് ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റൽ ജീവനക്കാർക്കും, എന്നെ സ്‌നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.
സ്‌നേഹപൂർവ്വം
വാവ സുരേഷ്
vava suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here