ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ ആരോപണം; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന വിജിലൻസിന് കത്തയച്ചു

മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരായ പത്തുകോടിയുടെ കളളപ്പണ ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന വിജിലൻസിന് കത്തയച്ചു. ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം. അതേസമയം ഇക്കാര്യത്തിലടക്കം മുൻ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

നോട്ടുനിരോധനകാലത്ത് ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് പത്തുകോടി കളളപ്പണം വെളിപ്പിച്ചെന്നാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെ നേരത്തെ ഹൈക്കോടതി കക്ഷി ചേർത്തിരുന്നു. പാലാരിവട്ടം പാലം അഴിമതിയിൽ കിട്ടിയ കൈക്കൂലിപ്പണമാണ് നോട്ടുനിരോധനകാലത്ത് വെളുപ്പിച്ചതെന്നാണ് ആരോപണം. ഇക്കാര്യത്തിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കി കേസെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് വിജിലൻസിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also : പാലാരിവട്ടം മേൽപാലം അഴിമതി; ടിഒ സൂരജിന്റെ മൊഴി അസംബന്ധമെന്ന് മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്

വിജിലൻസ് പ്രത്യേക കേസ് എടുത്താൽ ഇബ്രാഹിംകുഞ്ഞ് കളളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്താം എന്നതാണ് എൻഫോഴ്‌സമെന്റിന്റെ നിലപാട്. പാലാരിവട്ടം കേസിനൊപ്പം ഈ ആരോപണംകൂടി വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനുശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിക്കുന്നത് മാർച്ച് 2 ലേക്ക് മാറ്റി.

Story Highlights- Ibrahim Kunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top