ആക്കുളം കായലിനെ പുനരുജ്ജീവിപ്പിക്കാനുള്ള മിഷന്‍ ആക്കുളം പ്രോജക്ടിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി

ആക്കുളം കായലിനെ പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച മിഷന്‍ ആക്കുളം പ്രോജക്ടിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. പ്രോജക്റ്റിന്റെ ഭാഗമായി ആക്കുളം കായലില്‍ നടത്തിയ വിവിധ പഠനങ്ങളുടെ റിപ്പോര്‍ട്ട് ജനറല്‍ കണ്‍വീനര്‍ വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.
കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക് വിഭാഗം തലവന്‍ ഡോ. ബിജുകുമാറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ജൈവവൈവിധ്യ പഠനം, വിനോദ് പി ജെ, നളിനകുമാര്‍, രമ്യ വി ആര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തയാറാക്കിയ ആക്കുളം പഠന റിപ്പോര്‍ട്ട്, പക്ഷിനിരീക്ഷകന്‍ അശ്വിന്‍ ബി രാജ് തയാറാക്കിയ പക്ഷികളുടെ പഠന റിപ്പോര്‍ട്ട് എന്നിവയാണ് കൈമാറിയത്.
പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിച്ചു കൊണ്ടുള്ള സുസ്ഥിരമായ വികസനമാണ് ആക്കുളത്ത് വേണ്ടതെന്നു സംഘം വിലയിരുത്തി. കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമായ വെള്ളായണി തടാകത്തെ പുനരുജ്ജീവിപ്പിക്കാന്‍ സ്വസ്തി ഫൗണ്ടേഷനും സംസ്ഥാന സര്‍ക്കാരും നടത്തിവരുന്ന റിവൈവ് വെള്ളായണി സംരംഭത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് മിഷന്‍ ആക്കുളം പദ്ധതി ആരംഭിച്ചത്.
വെള്ളായണിയില്‍ നിന്നും വ്യത്യസ്തമായുള്ള പ്രവര്‍ത്തന രീതികള്‍ ആക്കുളം കായലിന്റെ വീണ്ടെടുക്കലിനായി സ്വസ്തി ഗവേഷണ സംഘം വികസിപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായ ബോധവത്കരണ ക്ലാസുകള്‍ മാര്‍ച്ച് മാസത്തോടുകൂടി ആരംഭിക്കും. തുടര്‍ന്ന് ക്ലീന്‍ഷിപ്പ് ഡ്രൈവ് നടപടികളും ആരംഭിക്കും.
Story Highlights: Kadakampalli surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here