അനിശ്ചിതത്വം നീങ്ങി; അധിക വാർഡ് ബില്ലിൽ ഗവർണർ ഒപ്പിട്ടു

അധിക വാർഡ് ബില്ലിൽ ഗവർണർ ഒപ്പിട്ടു. ഇതോടെ വരുന്ന തെരഞ്ഞെടുപ്പിൽ ഒന്നു മുതൽ 4 വരെ വാർഡുകൾ തദ്ദേശ സ്ഥാപനങ്ങളിൽ അധികമായുണ്ടാകും. പുതിയ വാർഡ് രൂപീകരണം വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം.

അധിക വാർഡ് രൂപീകരണം ഓർഡിനൻസിലൂടെ നടപ്പാക്കുന്നത് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞിരുന്നു. തുടർന്നാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ച് പാസാക്കാൻ സർക്കാർ തുനിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ബിൽ പാസാക്കുകയും ചെയ്തു.

ഗവർണർ ബില്ലിൽ ഒപ്പിട്ടതോടെ അധിക വാർഡ് രൂപീകരണ നടപടികളിലേക്ക് സർക്കാർ കടക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും എത്ര വാർഡുകൾ അധികമായി വേണമെന്ന് ആദ്യം സർക്കാർ തീരുമാനിക്കണം. തുടർന്ന് ഡീലിമിറ്റേഷൻ കമ്മിഷൻ യോഗം ചേർന്നാകും അധിക വാർഡുകളും വാർഡുകളുടെ പുനർ വിഭജനവും നിശ്ചയിക്കുക. ഒക്ടോബർ, നവംബർ മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ തീരുമാനം.

അതേ സമയം, വോട്ടർ പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ആധാരമാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. 2015ലെ വോട്ടർ പട്ടിക വേണമെന്നാണ് കമ്മിഷൻ നിലപാട്. ലോക്സഭ തെരഞ്ഞെടുപ്പിലേത് ബൂത്തടിസ്ഥാനത്തിലും 2015ലേത് വാർഡ് അടിസ്ഥാനത്തിലും തയ്യാറാക്കിയ വോട്ടർ പട്ടികയാണെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വാദം.

നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ തടസ ഹര്‍ജിയുമായി മുസ്‌ലിം ലീഗ് സുപ്രിംകോടതിയെ സമീപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക, തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയെ സമീപിക്കാനിരിക്കെയാണ് നീക്കം.

Story Highlights: Ward bill governor arif khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top