ട്രംപിന്റെ വിഗ്രഹത്തിൽ പൂജ; ദീർഘായുസിനായി വ്രതം; ഇത് ഇന്ത്യയിലെ ‘ട്രംപ്’ ഭക്തൻ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച് ചേരികൾ മറയ്ക്കാൻ മതിൽക്കെട്ടുന്ന മോദി സർക്കാരിന്റെ നടപടി വൻ വിവാദങ്ങൾക്കാണ് വഴിതുറന്നത്. ഇതോടെ ഒരു കോളമായി മാത്രം ഒതുങ്ങേണ്ടിയിരുന്ന ട്രംപിന്റെ ഇന്ത്യാ സന്ദർശനവും ലോകമാധ്യമങ്ങളിൽ നിറഞ്ഞു. ഇതിന് പിന്നാലെ വിവിധ നേതാക്കൾ നടത്തിയ പ്രതികരണങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെ ഏറെ കൗതുകമുള്ള മറ്റൊരു വാർത്തയും പുറത്തുവരുന്നുണ്ട്. ട്രംപിനായി വിഗ്രഹം നിർമിച്ച് നിത്യ പൂജ നടത്തുന്ന ഒരു ഭക്തന്റെ കഥ !
തെലങ്കാനയിലെ ജാംഗാവോൺ നിവാസിയാണ് ട്രംപ് ഭക്തനായ ബുസ കൃഷ്ണ. വീടിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ട്രംപിന്റെ ആറടി ഉയരം വരുന്ന വിഗ്രഹത്തിൽ നിത്യപൂജ, ട്രംപിന്റെ ദീർഘായുസിനായി എല്ലാ വെള്ളിയാഴ്ചയും വ്രതം, പേഴ്‌സിൽ ട്രംപിന്റെ ഫോട്ടോ ഇങ്ങനെ നീളുന്നു ആരാധന. ‘ഇന്ത്യ-അമേരിക്ക ബന്ധം ശക്തമായി പോകണമെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ (ട്രംപിന്റെ) ദീർഘായുസിനായി ഞാൻ എല്ലാ വെള്ളിയാഴ്ചയും വ്രതമെടുക്കാറുണ്ട്.’-ബുസ പറയുന്നു.
Read Also : ട്രംപിന്റെ ഇന്ത്യാ സന്ദർശനം; അഹമ്മദാബാദിലെ ചേരി ഒഴിപ്പിക്കുന്നു
ട്രംപിനോടുള്ള അമിതാരാധന കാരണം പ്രദേശവാസികൾ ബുസ കൃഷ്ണയെ വിളിക്കുന്നത് ട്രംപ് കൃഷ്ണയെന്നാണ്. ഡോണൾഡ് ട്രംപിനെ നേരിൽ കാണണമെന്നാണ് ബുസയുടെ ആഗ്രഹം. ഈ ആഗ്രഹം ബുസ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം ഫെബ്രുവരി 24ന് ഡോണൾഡ് ട്രംപ് ഇന്ത്യയിൽ എത്തും. തന്റെ ‘ദൈവത്തിന്റെ’ വരവിനായി കാത്തിരിക്കുകയാണ് ബുസ.
Story Highlights- Donald Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here