കൊറോണ: ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ ഇടിവ്; രാജ്യത്ത് മരുന്ന് ക്ഷാമവും വിലവർധനയും രൂക്ഷം

കൊറോണ ബാധയെത്തുടർന്ന് രാജ്യത്ത് മരുന്ന് വില വർധിക്കുന്നു. ചൈനയിൽ നിന്നുള്ള മരുന്നു ചേരുവകളുടെ ഇറക്കുമതിയിൽ കനത്ത ഇടിവുണ്ടായതോടെയാണ് രാജ്യത്ത് മരുന്നുകൾക്ക് വില വർധിക്കുന്നത്. ഒപ്പം, കടുത്ത മരുന്നു ക്ഷാമവും രാജ്യത്ത് ഉണ്ട്. ഏപ്രിലോടെ ക്ഷാമവും വിലവർധനയും രൂക്ഷമാവുമെന്നാണ് സൂചന.

പാരസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകൾക്ക്‌ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവുമാണ് വർധിച്ചത്. മരുന്നുകൾക്കുള്ള സജീവ ചേരുവകൾ 70 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൊറോണ ബാധയെത്തുടർന്ന് ചൈനയിൽ അടച്ചുപൂട്ടൽ നിലനിൽക്കുന്നതിനാൽ ഇറക്കുമതിയിൽ ഗണ്യമായ കുറവുണ്ടായി. ഇതോടെയാണ് ഇന്ത്യയിൽ പ്രതിസന്ധി ഉണ്ടായത്.

ഏപ്രിലോടെ 57 തരം മരുന്നുകൾക്ക് ക്ഷാമം ഉണ്ടാവുമെന്നും സൂചനയുണ്ട്. എച്ച്‌ഐവി പ്രതിരോധത്തിനുള്ള റിറ്റോനാവിർ, ലോപ്പിനാവിർ, ഹൃദയാഘാതവും ഹൃദ്‌രോഗങ്ങൾക്കുമുള്ള അറ്റോർവാസാസ്‌റ്റിൻ, ആന്റിബയോട്ടിക്കുകളായ പെൻസിലിൻ–-ജി, അമോക്‌സിലിൻ, ആംപിസിലിൻ, ടെട്രാസൈക്കിളിൻ, ഒഫ്ലോക്‌സാസിൻ, ജെന്റാമൈസിൻ, മെട്രോനിഡാസോൾ, ഓർണിഡാസോൾ, നാഡീരോഗങ്ങൾക്കുള്ള ഗബാപെന്റിൻ തുടങ്ങിയ മരുന്നുകൾക്കാണ്‌ ക്ഷാമമുണ്ടാവാനുള്ള സാധ്യത ഉള്ളത്.

ക്ഷാമം ഉണ്ടാവാൻ സാധ്യതയുള്ള മരുന്നുകളുടെ പട്ടിക കമ്പനിക്കാർ സർക്കാർ സമിതിക്ക്‌ കൈമാറി. പട്ടികയുടെ അടിസ്ഥാനത്തിൽ, നിലവിൽ ജീവൻരക്ഷാമരുന്നുകൾ എത്രത്തോളമുണ്ടെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മരുന്നുകൾ എത്രത്തോളം ഉപയോഗിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ ശേഖരിക്കാൻ ഡ്രഗ്‌ കൺട്രോളർ ഓഫ്‌ ഇന്ത്യ ഡോ. ഈശ്വർറെഡ്ഡിയുടെ നേതൃത്വത്തിൽ നീക്കം തുടങ്ങിയിട്ടുണ്ട്. ക്ഷാമം നേരിടുന്ന മരുന്നുകളുടെ വില്പന നിയന്ത്രിച്ച് ബദൽമരുന്നുകൾ വ്യാപകമാക്കാനാണ് തീരുമാനം.

Story Highlights: Corona Virus, Drugs price hike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top