ഐഎസ്എല്ലിൽ ഇനി രണ്ട് കിരീടങ്ങൾ; ചാമ്പ്യന്മാർക്ക് കപ്പും ലീഗ് ഘട്ട ജേതാക്കൾക്ക് ഷീൽഡും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി മുതൽ രണ്ട് കിരീടങ്ങൾ. ചാമ്പ്യന്മാരാവുന്ന ടീമിന് കപ്പും ലീഗ് ഘട്ട ജേതാക്കൾക്ക് ഷീൽഡുമാണ് നൽകുക. ഈ സീസൻ മുതൽക്കു തന്നെ ഷീൽഡ് നൽകിത്തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ലീഗ് ജേതാക്കൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിക്കും ഇതോടെ അറുതിയാവുകയാണ്.

ലീഗ് ഘട്ടത്തിൽ ജേതാക്കളാവുന്ന ടീമിന് ഷീൽഡിനൊപ്പം 50 ലക്ഷം രൂപയും ലഭിക്കും. ഒപ്പം എഎഫ്സി ചാമ്പ്യൻസ് ലീഗ് യോഗ്യതയും ലീഗ് ഘട്ട ചാമ്പ്യന്മാർക്ക് ലഭിക്കും. ഇതോടെ സീസൺ ജേതാക്കൾക്ക് ലഭിക്കുന്നതിനെക്കാൾ നേട്ടങ്ങളാണ് ലീഗ് ഘട്ട ജേതാക്കൾക്ക് ലഭിക്കുക.

ഈ സീസണിൽ എടികെയോ എഫ്സി ഗോവയോ ആവും ലീഗ് ഘട്ട ജേതാക്കൾ. ഒന്നാമത് എത്തുന്ന ടീമിന് പ്ലേ ഓഫിനു മുൻപ് തന്നെ ഷീൽഡ് സമ്മാനിക്കും.

ഐഎസ്എലിൻ്റെ ഈ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇനി കേവലം ആറ് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഇന്ന് വൈകുന്നേരം ജംഷഡ്പൂർ എഫ്സി ഗോവയെ നേരിടും. ഈ മത്സരത്തിൽ ജയിച്ചാൽ ഗോവ ലീഗ് ജേതാക്കളാവും. പരാജയപ്പെട്ടാൽ എടികെയുടെ മത്സരഫലം കാത്തിരിക്കേണ്ടി വരും. ശനിയാഴ്ച നടക്കുന്ന എടികെ-ബെംഗളൂരു മത്സരത്തിൽ ജയിച്ചാലും ഗോവ ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ മാത്രമേ എടികെയ്ക്ക് ലീഗ് ജേതാക്കളാവാൻ സാധിക്കൂ.

വരുന്ന ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഈ സീസണിലെ അവസാന മത്സരം. ഒഡീഷയെ ആണ് ബ്ലാസ്റ്റേഴ്സ് നേരിടുക. നിലവിൽ 17 മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം. ശനിയാഴ്ച നടന്ന തങ്ങളുടെ അവസാന ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയിരുന്നു.

Story Highlights: FSDL unveils ISL League Winners Shield

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top