ഭാര്യയുമൊത്ത് ഇരുചക്രവാഹത്തിൽ യാത്ര ചെയ്ത യുവാവിനു നേരെ സദാചാര ആക്രമണം; ഗുരുതര പരുക്ക്

ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിലെത്തിയ യുവാവിന് സദാചാര ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. പെരുമ്പാവൂര്‍ രായമംഗലം പീച്ചനാംമുകളില്‍ വാടകക്ക് താമസിക്കുന്ന പുത്തന്‍വീട്ടില്‍ ശ്രീജേഷിനാണ് മര്‍ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് രായമംഗലം സ്വദേശികളായ കിരണ്‍, കണ്ണന്‍, ജോബി എന്നിവര്‍ക്കെതിരെ കുറുപ്പംപടി പൊലീസ് ക്രിമിനല്‍ നടപടി നിയമം 323, 324, 308, 34 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് ലഭ്യമാകുന്ന വിവരം.

ഇക്കഴിഞ്ഞ 16-ാം തീയതി രാത്രി 11.15നാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ ഭക്ഷണം കഴിച്ച് മടങ്ങിവന്ന ശ്രീജേഷും ഭാര്യയും സ്വന്തം വീട്ടു പടിക്കലെത്തിയപ്പോള്‍ മാര്‍ഗതടസമായിരുന്ന മറ്റൊരു വാഹനം മാറ്റിവെക്കാനായി ബൈക്കില്‍ നിന്നിറങ്ങി. അപ്പോള്‍ ഇരുളിന്റെ മറവില്‍ നിന്നുമെത്തിയ പ്രതികള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. തൻ്റെ ഇരു കരണത്തും ഇവർ മാറിമാറി അടിച്ചെന്നും ഉയര്‍ത്തിയെടുത്ത് നിലത്തിട്ട് ചവിട്ടിയെന്നും എന്തോ വസ്തു ഉപയോഗിച്ച് തലയില്‍ അടിച്ച് പരിക്കേല്‍പ്പിച്ചു എന്നും ശ്രീജേഷ് പറഞ്ഞു. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ തലക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചുണ്ടിന് മുറിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുവഴി വന്ന ശ്രീജേഷിന്റ സുഹൃത്ത് നിര്‍ബന്ധിച്ചതു മൂലമാണ് യുവാവിനെ ആശുപത്രിയിലാക്കാന്‍ പ്രതികള്‍ തയ്യാറായത്. ബോധരഹിതനായ ശ്രീജേഷിന് മദ്യപിച്ച് വാഹനത്തില്‍ നിന്ന് വീണ് പരുക്കേറ്റതാണെന്ന് പറഞ്ഞാണ് ഇയാളെ പ്രതികൾ പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ബോധം തെളിഞ്ഞപ്പോള്‍ മര്‍ദന വിവരം പറഞ്ഞെങ്കിലും ഇത് ചെവിക്കൊള്ളാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് ശ്രീജേഷ് പറഞ്ഞു. പിന്നീട് കളമശ്ശേരി, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ വിദഗ്ദ്ധ പരിശോധനക്ക് ശേഷം വീണ്ടും പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ തന്നെ ശ്രീജേഷ് എത്തി. ഇക്കാര്യങ്ങള്‍ പൊലീസിലെ അറിയിക്കുന്നത് ആശുപത്രി അധികൃതര്‍ മനപൂര്‍വം വൈകിപ്പിച്ചു എന്ന് ശ്രീജേഷ് പറഞ്ഞു. പിന്നീട് ഉന്നത റവന്യു പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളാണ് പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണമായത്. അനാവശ്യമായി തനിക്കെതിരെ സദാചാരാക്രമണം നടത്തിയവരെ എത്രയും വേഗം നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് ശ്രീജേഷ് ആവശ്യപ്പെട്ടു.

Story Highlights: Moral Policing against husband and wife

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top