കളിയോടുള്ള എന്റെ അഭിനിവേശം ഇന്ത്യയെ ടി-20 ലോകകപ്പ് നേടാൻ സഹായിക്കും: ശർദ്ദുൽ താക്കൂർ

ഇന്ത്യക്ക് ടി-20 ലോകകപ്പ് നേടിക്കൊടുക്കാൻ തനിക്കാവുമെന്ന് പേസ് ബൗളർ ശർദ്ദുൽ താക്കൂർ. കളിയോടുള്ള തൻ്റെ അഭിനിവേശവും പോസിറ്റിവിയും കപ്പ് നേടാൻ ഇന്ത്യയെ സഹായിക്കുമെന്ന് താക്കൂർ പറഞ്ഞു. തൻ്റെ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊള്ളുമെന്നും ടി-20 ലോകകപ്പ് നേടാൻ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നിശ്ചയമായും ഞാൻ ലോകകപ്പിലേക്ക് ലക്ഷ്യമിട്ടിരിക്കുകയാണ്. കളിയിലേക്ക് ഞാൻ കൊണ്ടുവരുന്ന പോസിറ്റിവിറ്റിയും, എനിക്കുള്ള ആത്മവിശ്വാസവും, കളിയോടുള്ള എൻ്റെ അഭിനിവേശവും ഇന്ത്യയെ ലോകകപ്പ് നേടിയെടുക്കാൻ സഹായിക്കും. എൻ്റെ പിഴവുകളിൽ നിന്ന് ഞാൻ പാഠം ഉൾക്കൊള്ളും.” താക്കൂർ പറഞ്ഞു.”

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ താക്കൂറിൻ്റെ പ്രകടനം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഈ വിമർശനത്തിനെതിരെയും താക്കൂർ രംഗത്തെത്തി. “ഇത് ന്യൂസിലൻഡിലേക്കുള്ള എൻ്റെ ആദ്യ യാത്ര ആയിരുന്നു. മറ്റു കളിക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ അധികം കളികൾ കളിച്ചിട്ടുമില്ല. ഇപ്പോൾ അനുഭവജ്ഞാനമാണ് എനിക്ക് വേണ്ടത്. ഇതുവഴി എനിക്ക് ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനങ്ങൾ നടത്താനാവും. “റൺസ് വഴങ്ങുന്നത് കുഴപ്പമില്ല. എപ്പോഴും നിങ്ങൾക്ക് അതിഗംഭീരമായി പന്തെറിയാനാവില്ല. പ്രകടനം മെച്ചപ്പെടുത്താനാണ് നിങ്ങൾ ശ്രമിക്കേണ്ടത്.”- താക്കൂർ കൂട്ടിച്ചേർത്തു.

തനിക്ക് ബാറ്റ് ചെയ്യാൻ സാധിക്കുമെന്നും അങ്ങനെ ടീമിനു സംഭാവന നൽകാൻ തനിക്കാവുമെന്നും താക്കൂർ പറഞ്ഞു. സ്കൂൾ, കോളജ്, ആഭ്യന്തര ടീമുകളിൽ ബാറ്റ് ചെയ്യുമ്പോൾ അങ്ങനെയാണ് എൻ്റെ റോൾ. രാജ്യാന്തര മത്സരങ്ങളിലും അതിനു മാറ്റമില്ല. 7/8/9 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുമ്പോൾ സന്ദർഭം അനുസരിച്ച് ബാറ്റ് ചെയ്ത് ടീമിനു കൂടുതൽ റൺസ് നേടിക്കൊടുക്കുക എന്നതാണ് എൻ്റെ രീതി എന്നും താക്കൂർ അറിയിച്ചു.

ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ഫോമിലേക്ക് തിരികെ എത്താൻ താൻ ശ്രമിക്കും. ഐപിഎല്ലിനു ശേഷം ശ്രീലങ്ക ടി-20 പരമ്പരയും സിംബാബ്‌വെ പരമ്പരയും നടക്കാനുണ്ട്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുക എന്നതാണ് ലക്ഷ്യം എന്നും താക്കൂർ കൂട്ടിച്ചേർത്തു.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമാണ് ശർദ്ദുൽ താക്കൂർ. 15 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളാണ് താക്കൂറിന് ഉള്ളത്. മാർച്ച് 29ന് മുംബൈ ഇന്ത്യൻസിനെതിരായ ഉദ്ഘാടന മത്സരത്തോടെയാണ് ചെന്നൈയുടെ ഐപിഎൽ ക്യാമ്പയിൻ ആരംഭിക്കുക.

Story Highlights: Shardul thakur talks about ipl and his performances

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top