Advertisement

ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ: ചുരുക്ക പട്ടികയിൽ അഗാർക്കറും വെങ്കിടേഷ് പ്രസാദും

February 19, 2020
Google News 2 minutes Read

ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർക്കുള്ള ചുരുക്ക പട്ടികയിൽ മുൻ താരങ്ങളായ അജിത് അഗാർക്കറും വെങ്കിടേഷ് പ്രസാദും. നാലു താരങ്ങളടങ്ങിയ പട്ടികയിൽ ലക്ഷ്മൺ ശിവരാമകൃഷ്ണനും രാജേഷ് ചൗഹാനുമാണ് ബാക്കിയുള്ള താരങ്ങൾ. ഇതിൽ രണ്ടു പേരാണ് സെലക്ഷൻ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുക.

പ്രസാദിനും അഗാർക്കറിനുമാണ് സാധ്യത കൂടുതൽ. നേരത്തെ, കൂടുതൽ ടെസ്റ്റ് കളിച്ച താരങ്ങൾക്കാവും കൂടുതൽ സാധ്യതയെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. അത് പ്രകാരം ഈ നാലു പേരിൽ അഗാർക്കറും പ്രസാദും തന്നെ തെരഞ്ഞെടുക്കപ്പെട്ടേക്കും. ഇവരിൽ ചെയർമാൻ ആരാവും എന്നത് കണ്ടറിയണം. മുൻ താരം മദന്‍ ലാല്‍ നയിക്കുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് ഇവരെ തെരഞ്ഞെടുക്കുക. മുൻ താരങ്ങളായ ആര്‍പി സിംഗ്, സുലക്ഷണ നായിക് എന്നിവരാണ് ഉപദേശക സമിതിയിലെ മറ്റ് അംഗങ്ങൾ.

നേരത്തെ ലക്ഷ്മൺ ശിവരാമകൃഷ്ണൻ സെലക്ഷൻ കമ്മറ്റി ചെയർമാനായേക്കും എന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ അഗാർക്കർ കടന്നു വന്നത് അദ്ദേഹത്തിൻ്റെ സാധ്യതക്ക് മങ്ങൽ ഏല്പിച്ചിട്ടുണ്ട്. നേരത്തെ, ബിസിസിഐ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിൽ ശിവരാമകൃഷ്ണൻ ഉൾപ്പെട്ടിരുന്നില്ല. വിവരം മാധ്യമങ്ങൾ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് ബിസിസിഐ ഇദ്ദേഹത്തിൻ്റെ അപേക്ഷ കണ്ടെടുത്തത്.

മുംബൈയുടെ മുഖ്യ സെലക്ടറായി പ്രവര്‍ത്തിച്ച അനുഭവപാടവമുള്ള അഗാർക്കർ ചെയർമാൻ സ്ഥാനത്തെത്താനാണ് സാധ്യത. അതേ സമയം, വെങ്കിടേഷ് പ്രസാദിന്റെ കാര്യമെടുത്താല്‍, അണ്ടര്‍-19 ടീം ചെയര്‍മാന്‍, കിംഗ്സ് ഇലവന്‍ പഞ്ചാബ് പരിശീലകന്‍ എന്നി വേഷങ്ങളിൽ അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഈ മാസാവസാനം ഉപദേശക സമിതി ഇവരെ അഭിമുഖം നടത്തും. വനിതാ ടീമിനുള്ള സെലക്ഷന്‍ കമ്മിറ്റിയെയും ഈ ഉപദേശക സമിതിയാണ് തിരഞ്ഞെടുക്കുന്നത്.

Story Highlights: Prasad or Agarkar to be India’s new chief selector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here