വില്ലേജ് ഓഫിസറുടെ ശമ്പളം; റവന്യൂമന്ത്രിയും ധനമന്ത്രിയും തുറന്നപോരിലേക്ക്

വില്ലേജ് ഓഫിസറുടെ ശമ്പള വിഷയത്തിൽ റവന്യൂമന്ത്രിയും ധനമന്ത്രിയും നേർക്കുനേർ. ധനമന്ത്രിയെ മറികടന്ന് മന്ത്രിസഭായോഗത്തിൽ ശമ്പള സ്‌കെയിൽ അനുവദിക്കണമെന്ന റവന്യൂമന്ത്രിയുടെ അഭ്യർത്ഥന മുഖ്യമന്ത്രിയും തള്ളി. ഇതോടെ റവന്യൂ വകുപ്പിനെ ചൊല്ലിയുള്ള സിപിഐഎം-സിപിഐ തർക്കം തുറന്നപോരിലേക്ക് നീങ്ങുകയാണ്. 24 എക്‌സ്‌ക്ലൂസിവ്.

പത്താംശമ്പള കമ്മിഷൻ ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസർമാരുടെ ശമ്പള സ്‌കെയിൽ ഉയർത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ധനവകുപ്പിന്റെ എതിർപ്പുകാരണം ഇതു നടപ്പായില്ല. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഫയൽ സമർപ്പിച്ചെങ്കിലും തീരുമാനമെടുത്തില്ല. തുടർന്ന് ജീവനക്കാർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു 2019 ഒക്‌ടോബർ 28 ന് അനുകൂല വിധി വാങ്ങി. രണ്ടു മാസത്തിനകം ശമ്പള സ്‌കെയിൽ അനുവദിക്കണമെന്നായിരുന്നു ട്രിബ്യൂണൽ വിധി. എന്നാൽ ധനകാര്യവകുപ്പ് ഇത് അംഗീകരിക്കാതെ വിധിക്കെതിരെ അപ്പീൽ പോകാൻ തീരുമാനിച്ചു. റവന്യൂമന്ത്രിയുടെ അഭ്യർത്ഥനയും ധനകാര്യ വകുപ്പ് തള്ളി.

Read Also : സിംസ് പദ്ധതി : ഗാലക്‌സോൺ കമ്പനി ഡയറക്‌റ്റേഴ്‌സായ രണ്ട് പേർ അയോഗ്യർ; 24 എക്‌സ്‌ക്ലൂസിവ്

തുടർന്ന് ഇതിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് റവന്യൂമന്ത്രി പ്രത്യേക കുറിപ്പോടെ മുഖ്യമന്ത്രിക്ക് ഫയൽ അയച്ചു. സർക്കാർ ഉത്തരവിനെതിരെ സർക്കാർ തന്നെ അപ്പീൽ നൽകുന്നത് അപ്രായോഗികമാണെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഫയലിൽ പറയുന്നു. ഉത്തരവ് നടപ്പാക്കാത്തതിനാൽ റവന്യൂ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യകേസ് ഫയൽ ചെയ്തിരിക്കുകയാണ്. ശമ്പള കമ്മീഷൻ ഉത്തരവ് പ്രകാരമുള്ള സ്‌കെയിൽ നൽകാതിരിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ല. അതിനാൽ ധനകാര്യ വകുപ്പിന്റെ അഭിപ്രായം മറികടന്ന് ശമ്പള സ്‌കെയിൽ അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിക്കണമെന്നും റവന്യൂമന്ത്രി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രിയും തള്ളുകയായിരുന്നു. പകരം അടുത്ത ശമ്പള പരിഷ്‌കരണ കമ്മീഷന്റെ പരിഗണനയ്ക്ക് നൽകാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്.

ഇതിന് പിന്നാലെയാണ് സിപിഐ നേതൃത്വത്തിലുള്ള റവന്യൂവകുപ്പിലെ സംഘടന പണിമുടക്കുമായി രംഗത്തുവന്നത്. ഇതോടെ സിപിഐഎം-സിപിഐ തർക്കം തുറന്നപോരിലേക്കും നീങ്ങുകയാണ്.

Story Highlights- Village Office, 24 Exclusive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top