ഫാബ് ഫോറിൽ നിന്ന് സ്മിത്തിനെയും റൂട്ടിനെയും ഒഴിവാക്കണം; പകരം രോഹിതും ബാബറും: ആകാശ് ചോപ്ര

വർത്തമാനകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് ബാറ്റ്സ്മാന്മാരായ ഫാബ് ഫോറിൽ നിന്ന് ഇംഗ്ലീഷ് താരം ജോബ് റൂട്ടിനെയും ഓസീസ് താരം സ്റ്റീവ് സ്മിത്തിനെയും പുറത്താക്കണമെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. ഇരുവർക്കും പകരം ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയും പാക് സൂപ്പർ താരം ബാബർ അസവും വരണമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
വിരാട്, കോലി, കെയിൻ വില്ല്യംസൺ എന്നിവർ കൂടി അടങ്ങുന്ന ഫാബ് ഫോറിൽ ഉൾപ്പെടാൻ സ്മിത്തിനും റൂട്ടിനും അർഹത ഇല്ലെന്നാണ് ചോപ്ര പറയുന്നത്. “സ്മിത്ത് ടെസ്റ്റിൽ മാത്രമാണ് മികച്ച പ്രകടനം നടത്തുന്നത്. സമീപകാലത്തായി ജോ റൂട്ട് ശരാശരി പ്രകടനം മാത്രമാണ് നടത്തുന്നത്. ഇവർക്കു പകരം രോഹിത് ശർമ്മയെയും ബാബർ അസമിനെയും കൊണ്ടുവരണം. വിരാട് കോലിയുമായി ഇടിച്ചു നിൽക്കുന്ന താരമാണ് ബാബർ അസം. ടി-20യിൽ ഒന്നാം നമ്പറും ഏകദിനത്തിൽ മൂന്നാം നമ്പറും ടെസ്റ്റിൽ അഞ്ചാം നമ്പറും ബാബർ അസമിനുണ്ട്. പിന്നെ എങ്ങനെയാണ് അദ്ദേഹത്തെ ഫാബ് ഫോറിൽ നിന്ന് മാറ്റി നിർത്തുക?”- ചോപ്ര ചോദിക്കുന്നു.
ഫാബ് ഫോറിൽ ഡേവിഡ് വാർണറെക്കൂടി പരിഗണിക്കാമെന്നും സ്ഥിരതയില്ലാത്തത് അദ്ദേഹത്തിനു തിരിച്ചടി ആണെന്നും ചോപ്ര കൂട്ടിച്ചേർത്തു.
Story Highlights: rohit sharma and babar azam should be included in fab four says aakash chopra