വനിതാ ടി-20 ലോകകപ്പ് നാളെ മുതൽ: ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും

വനിതാ ടി-20 ലോകകപ്പ് നാളെ മുതൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയ ഇന്ത്യയെ നേരിടും. സിഡ്നി ഒളിമ്പിക് പാർക്കിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം. മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനൽ മത്സരം.
യുവനിരയുമായാണ് ഇന്ത്യ ലോകകപ്പിൽ ഇറങ്ങുക. 16കാരിയായ ഷഫാലി വർമ്മയും സ്മൃതി മന്ദനയും ഓപ്പൺ ചെയ്യും. മൂന്നാം നമ്പറിൽ 19കാരി ജമീമ റോഡ്രിഗസ് ഇറങ്ങും. വേദ കൃഷ്ണമൂർത്തി, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ്മ, തനിയ ഭാട്ടിയ തുടങ്ങി മികച്ച ബാറ്റർമാരുടെ നിര തന്നെ ഇന്ത്യക്കുണ്ട്. വേദ കൃഷ്ണമൂർത്തിക്ക് പകരം ഹർലീൻ ഡിയോൾ ടീമിലെത്താനുള്ള സാധ്യത ഉണ്ടെങ്കിലും ഫീൽഡിലെ സംഭാവനകൾ പരിഗണിച്ച് വേദക്ക് തന്നെ നറുക്ക് വീണേക്കും. 16കാരിയായ റിച്ച ഘോഷും ഇന്ത്യൻ ടീമിലുണ്ട്. എങ്കിലും ഫൈനൽ ഇലവനിൽ ഉൾപ്പെടാൻ സാധ്യതയില്ല.
യുവ പേസർ ടയ്‌ല വ്ലാമിന്ക് പരുക്കേറ്റ് പുറത്തായത് ഓസ്ട്രേലിയക്ക് തിരിച്ചടിയാകും. അടുത്തിടെ കഴിഞ്ഞ ത്രിരാഷ്ട്ര പരമ്പരയിൽ ടയ്‌ല മികച്ച പ്രകടനം നടത്തിയിരുന്നു. ബെത്ത് മൂണി, അലിസ ഹീലി, ആഷ് ഗാർഡ്നർ, മെഗ് ലാനിംഗ്, എലിസ് പെറി, റേച്ചൽ ഹെയിൻസ് തുടങ്ങി എസ്ക്പീരിയൻസായ ടീമിനെയാണ് ഓസ്ട്രേലിയ രംഗത്തിറക്കിയിരിക്കുന്നത്. ഒപ്പം യുവ പേസർ അന്നബെൽ സതർലൻഡും ടീമിലുണ്ട്.
ഫ്രണ്ട് ഫുട്ട് നോ ബോൾ തേർഡ് അമ്പയർ വിധിക്കും എന്നതാണ് ഇക്കൊല്ലത്തെ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. 10 ടീമുകളാണ് ലോകകപ്പിൽ അണിനിരക്കുക. 2018 ലോകകപ്പിൽ ആദ്യ എട്ടു സ്ഥാനങ്ങളിലെത്തിയ ടീമുകൾ സ്വമേധയാ ഈ ലോകകപ്പിലേക്ക് യോഗ്യത നേടിയപ്പോൾ യോഗ്യതാ മത്സരങ്ങൾ കളിച്ച് തായ്ലൻഡും ബംഗ്ലാദേശും എത്തി.
ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായാണ് ടീമുകൾ പോരടിക്കുക. ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾക്കൊപ്പം ബംഗ്ലാദേശും ഗ്രൂപ്പ് എയിൽ അണിനിരക്കും. മരണ ഗ്രൂപ്പായ ഗ്രൂപ്പ് എയിൽ നിന്ന് ആരൊക്കെ സെമിഫൈനൽ കാണുമെന്നത് നിർണായകമാകും. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, പാകിസ്താൻ, തായ്ലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ സെമിയിലേക്ക് മുന്നേറാനാണ് സാധ്യത.
കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയയാണ് ജേതാക്കളായത്. വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ട് പുറത്തായി. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലായിരുന്നു കലാശപ്പോര്.
Story Highlights: Womens T-20 WC India vs Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here