പ്രതിരോധക്കരുത്ത് കൂട്ടി ബ്ലാസ്റ്റേഴ്സ്; ടിരി ഇനി മഞ്ഞ ജേഴ്സിയിൽ കളിക്കും

ജംഷഡ്പൂരിൻ്റെ സ്പാനിഷ് പ്രതിരോധ താരം ടിരിയുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറൊപ്പിട്ടു എന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കരാർ കാലാവധി എത്രയാണെന്നത് വ്യക്തതയില്ല. നേരത്തെ രണ്ട് ഗോൾ കീപ്പർമാരെയും ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിനു മുന്നോടിയായി ടീമിലെത്തിച്ചിരുന്നു.
ജംഷഡ്പൂരുമായുള്ള ടിരിയുടെ കരാർ ഈ സീസണോടെ അവസാനിക്കും. അദ്ദേഹം ജംഷഡ്പൂരുമായി കരാർ പുതുക്കിയില്ലെന്നാണ് വിവരം. ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിനിടെ ഗോൾ കീപ്പർ സുബ്രതാ പാലുമായി കൂട്ടിയിടിച്ച് പരുക്ക് പറ്റിയ ടിരി നിലവിൽ വിശ്രമത്തിലാണ്. ഈ സീസണിൽ ദുർബലമായ പ്രതിരോധ നിരയുമായി കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്സ് നിലവിൽ പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
ഐഎസ്എലിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് ഹോസെ ലൂയിസ് എസ്പിനോസ അറോയോ എന്ന ടിരി. സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡ് ബി ടീമിനു വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള ടിരി എടികെയിലൂടെയാണ് ഇന്ത്യയിൽ എത്തുന്നത്. 2015-16 സീസണുകളിൽ എടികെയിൽ കളിച്ച അദ്ദേഹം 2017 സീസണിൽ ജംഷഡ്പൂരിലെത്തി. ജംഷഡ്പൂരിനു വേണ്ടി 46 മത്സരങ്ങൾ കളിച്ച അദ്ദേഹം 3 ഗോളുകളും നേടി.
സീസൺ തുടങ്ങും മുൻപ് തന്നെ സന്ദേശ് ജിങ്കന് പരുക്ക് പറ്റിയത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി. തുടർന്ന് ഏറെ പ്രതീക്ഷയോടെ മുംബൈ സിറ്റിയിൽ നിന്ന് ടീമിലെത്തിച്ച ജിയാനി സുയിവെർലൂണും ജൈറോ റോഡ്രിഗസും പരുക്കേറ്റ് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് മുടന്തി. അതുകൊണ്ട് തന്നെ സീസണിൽ മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചുമില്ല. ഈ കുറവുകളൊക്കെ പരിഹരിച്ച് അടുത്ത സീസണിൽ ഇറങ്ങാനാണ് ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നത്.
Story Highlights: Tiri to sign in with kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here