Advertisement

പരീക്ഷാ പേടി എങ്ങനെ മാറ്റാം; എപ്പോള്‍ പഠിക്കണം

February 22, 2020
Google News 0 minutes Read

പരീക്ഷാ കാലം ഇങ്ങടുത്തു. കുട്ടികള്‍ക്ക് ആധി കൂടുന്ന സമയവും. വിഷയങ്ങളെല്ലാം നല്ല രീതിയില്‍ പഠിച്ചിട്ടുണ്ടെങ്കിലും പരീക്ഷാ ഹാളില്‍ എത്തുമ്പോള്‍ അവ മറന്നുപോകുന്നതാണ് പല കുട്ടികളുടെയും പ്രധാന പ്രശ്‌നം. കൃത്യമായി ഒരുങ്ങുകയെന്നതാണ് പരീക്ഷാ പേടിയെ മാറ്റാന്‍ ആദ്യമായി ചെയ്യേണ്ടതെന്ന് കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററിലെ കണ്‍സള്‍ട്ടന്റ്  സൈക്യാട്രിസ്റ്റ് ഡോ. നതാലിയാ എലിസബത്ത് ചാക്കോ പറയുന്നു.

എങ്ങനെ പഠിക്കണം…?

ഓരോ ദിവസവും പഠിക്കേണ്ട വിഷയങ്ങളും പഠിക്കേണ്ട രീതിയും ആദ്യം തന്നെ വ്യക്തമായി മനസിലാക്കിയിരിക്കണം. ഏതൊരു പരീക്ഷയേയും കൃത്യമായ പ്ലാനിംഗോടെ സമീപിച്ചാല്‍ വിജയം സുനിശ്ചിതമാണ്. പരീക്ഷയുടെ ടൈംടേബിള്‍ ലഭിച്ചിട്ടാവരുത് പ്ലാനിംഗ് തുടങ്ങാന്‍.

എപ്പോള്‍ പഠിക്കണം…?

പഠിക്കുന്നതിന് പ്രത്യേക സമയം നല്‍കേണ്ടതുണ്ടോ…? പലരുടെയും മനസിലുള്ള ചോദ്യമാകും ഇത്. ഓരോരുത്തര്‍ക്കും പഠിക്കുന്നതിന് ഇഷ്ടപ്പെട്ട സമയം ഉണ്ടാകും. ചിലര്‍ക്ക് പുലര്‍ച്ചെ എഴുന്നേറ്റ് പഠിക്കുന്നതിനായിരിക്കും താത്പര്യം. ചിലര്‍ക്ക് രാത്രി വൈകി ഇരുന്ന് പഠിക്കുന്നതാകും താത്പര്യം. കുട്ടികളെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പഠിക്കാന്‍ വിടുന്നതാകും ഉചിതം.

എത്ര മണിക്കൂര്‍ പഠിക്കണം…?

എത്ര മണിക്കൂര്‍ പഠിച്ചുവെന്നതിലല്ല, എത്ര കാര്യക്ഷമമായി പാഠഭാഗങ്ങള്‍ പഠിച്ചു എന്നതിലാണ് കാര്യം. ഓരോ കുട്ടികളും പഠിക്കാന്‍ എടുക്കുന്ന സമയം വ്യത്യസ്തമാണ്. ചില കുട്ടികള്‍ ചുരുങ്ങിയ സമയംകൊണ്ട് പെട്ടെന്ന് പഠിക്കും. ചിലര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും. അതുകൊണ്ട് തന്നെ ഇത്ര സമയം കൊണ്ട് പഠിക്കണം എന്ന് കുട്ടികളോട് ഒരിക്കലും പറയരുത്. നന്നായി ഭക്ഷണം കഴിച്ച ശേഷം കുട്ടികളോട് പഠിക്കാന്‍ ഇരിക്കാന്‍ പറയരുത്. ഉറക്കം വരുന്നതിനുള്ള സാധ്യതയുണ്ട്. പഠിക്കുന്നതിനിടയില്‍ കുട്ടികളോട് ഇടവേള എടുക്കാന്‍ പറയണം. ഒരു മണിക്കൂര്‍ പഠിച്ചശേഷം പത്ത് മിനിറ്റുവരെ ഇടവേള നല്‍കാം.

എവിടെയിരുന്ന് പഠിക്കണം

പഠിക്കുന്നത് എവിടെയിരുന്നാണെന്നുള്ളത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. ചിലര്‍ക്ക് ഒറ്റയ്ക്ക് ഇരുന്ന് പഠിക്കുന്നതാകും താത്പര്യം. കുട്ടികള്‍ക്ക് കംഫര്‍ട്ടബിളായിട്ടുള്ള സ്ഥലത്ത് ഇരുന്ന് പഠിക്കാന്‍ അനുവദിക്കുന്നതാകും നല്ലത്. കുട്ടികള്‍ പഠിക്കാന്‍ ഇരിക്കുന്ന റൂമില്‍ നല്ല വെളിച്ചവും വായുവും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

പഠിച്ച കാര്യങ്ങള്‍ എങ്ങനെ ഓര്‍ത്തിരിക്കാം

പഠിച്ച കാര്യങ്ങള്‍ മറക്കാതെ എങ്ങനെ ഓര്‍ത്തിരിക്കാമെന്നത് പ്രധാനപ്പെട്ടതാണ്. ഓരോ വിഷയങ്ങളും പാഠങ്ങളും പഠിക്കുമ്പോള്‍ ദൈനംദിന ജീവിതത്തിലെ ഏതെങ്കിലും വസ്തുവുമായോ പ്രവര്‍ത്തനവുമായോ അവയെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നതു വഴിയായി ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കും.

പ്രധാനപ്പെട്ട പാഠഭാഗങ്ങളോ, തിയറികളോ ഉള്ള പേജുകളില്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ വരച്ച് വച്ച് അവ പെട്ടെന്ന് ഓര്‍ത്തെടുത്ത് പാഠഭാഗം ഓര്‍മിച്ചെടുക്കാന്‍ സാധിക്കും. എഴുതി പഠിക്കുന്നതും ഓര്‍മശക്തി വര്‍ധിപ്പിക്കും. ഓരോ ദിവസവും ക്ലാസില്‍ നിന്ന് തിരിച്ചെത്തിയശേഷം അന്ന് ക്ലാസില്‍ പഠിപ്പിച്ച കാര്യങ്ങള്‍ പരമാവധി ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കണം. ഇത് വഴിയായി മറവിയെ നേരിടാന്‍ സാധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here