ഷഹീൻ ബാഗ് പ്രക്ഷോഭകരുമായുള്ള മധ്യസ്ഥചർച്ചയ്ക്ക് സുപ്രിംകോടതി അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കും

ഷഹീൻ ബാഗ് പ്രക്ഷോഭകരുമായുള്ള മധ്യസ്ഥചർച്ചയ്ക്ക് സുപ്രിംകോടതി അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കും. ആവശ്യമെങ്കിൽ മാത്രം ഇന്ന് സമരപന്തൽ സന്ദർശിക്കാനാണ് സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസംഘത്തിന്റെ തീരുമാനം. അതേസമയം, പൊലീസ് അടച്ച നോയ്ഡ കാളിന്ദി കുഞ്ച് ലിങ്ക് റോഡ് പ്രക്ഷോഭകർ ഇന്നലെ തുറന്നുകൊടുത്തിരുന്നു.

ഷഹീൻ ബാഗിലെ റോഡുകൾ തുറന്നുകൊടുക്കണമെന്ന ഹർജികൾ നാളെയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. മധ്യസ്ഥരായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും മൂന്ന് ദിവസം സമരവേദിയിലെത്തി പ്രക്ഷോഭകരുമായി സമവായചർച്ച നടത്തി. ചർച്ചകൾ ക്രിയാത്മകമെന്നാണ് മധ്യസ്ഥരുടെ അഭിപ്രായം. എന്നാൽ, ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിസഹകരണത്തിൽ മധ്യസ്ഥസംഘം പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സമരവേദിക്ക് സമാന്തരമായി കടന്നുപോകുന്ന നോയിഡ ഫരീദാബാദ് റോഡ് അൽപസമയം തുറന്ന ശേഷം പൊലീസ് വീണ്ടും അടച്ചത് സമവായ ചർച്ചകളെ ബാധിക്കുമെന്ന ആശങ്കയും പങ്കുവച്ചിരുന്നു.

പൊലീസ് അടച്ച റോഡുകൾ തുറന്നാൽ ഗതാഗതപ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് സമരക്കാരുടെ നിലപാട്. സുരക്ഷ നൽകുമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചാൽ സമരവേദിക്ക് തൊട്ടുകിടക്കുന്ന റോഡ് തുറക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ സുപ്രിംകോടതിയെ അറിയിക്കുമെന്ന് മധ്യസ്ഥ സംഘം സമരക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

Story Highlights- Supreme Court, Shaheen Bagh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top