വിഴിഞ്ഞത്ത് പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂരമർദനം; വീഡിയോ

വിഴിഞ്ഞത്ത് പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂരമർദനം. വിഴിഞ്ഞം മുക്കോലയിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവർ സുരേഷാണ് ഗൗതം മണ്ഡലിനെ മർദിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മർദനത്തിന് ശേഷം ഗൗതമിന്റെ തിരിച്ചറിയൽ രേഖയും പിടിച്ചു വാങ്ങിയെന്നാണ് ആരോപണം. സുരേഷ് മുൻപും ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചിട്ടുണ്ട്. ഗൗതമിനെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഇന്നലെ വൈകിട്ട് ഗൗതം മണ്ഡൽ ജോലി കഴിഞ്ഞ് മടങ്ങവേ മുക്കോലയിലെ മൊബൈൽ കടയിൽ റീചാർജ് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. സുരേഷ് ഓട്ടോറിക്ഷ അശ്രദ്ധമായി പിന്നിലേക്ക് എടുക്കവേ കടയിലേക്ക് കയറുകയായിരുന്ന ഗൗതമിന്റെ ശരീരത്തിൽ തട്ടി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ സുരേഷ് ഗൗതമിനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. കൂടാതെ ഗൗതമിന്റെ തിരിച്ചറിയൽ രേഖ പിടിച്ചു വാങ്ങി.
മർദനത്തിൽ ഗൗതമിന്റെ താടിയെല്ലിനു പരിക്കേറ്റിട്ടുണ്ട്. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിഴിഞ്ഞം പൊലീസ് ഗൗതമിനെ കണ്ടെത്തി സുരേഷിനെതിരെ കേസെടുത്തു. ഒളിവിൽ കഴിഞ്ഞ സുരേഷിനെ മുക്കോലയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാൾ മുൻപും ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here