ഷഹീൻ ബാഗിലെ റോഡുകൾ തുറന്നു കൊടുക്കണമെന്ന ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പൗരത്വ പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗിലെ റോഡുകൾ തുറന്നു കൊടുക്കണമെന്ന ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പൊലീസ് അടച്ച അഞ്ച് പാതകൾ തുറന്നാൽ ഗതാഗതം സാധാരണ നിലയിലാകുമെന്ന മധ്യസ്ഥനായ വജാഹത് ഹബീബുള്ളയുടെ സത്യവാങ്മൂലം കോടതി പരിശോധിക്കും. സുരക്ഷ ഉറപ്പ് തരുകയാണെങ്കിൽ സമരവേദിക്ക് സമീപത്തെ റോഡും തുറന്നു കൊടുക്കുന്നതിൽ എതിർപ്പില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.
ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് ഷഹീൻ ബാഗിലെ ഗതാഗത പ്രശ്നം പരിഗണിക്കുന്നത്. പ്രക്ഷോഭകരുമായി നേരിൽ സംസാരിച്ച മധ്യസ്ഥരായ വജാഹത് ഹബീബുള്ള, സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവരുടെ ഭാഗം സുപ്രീംകോടതി കേൾക്കും. സമരം സമാധാനപരവും ജനാധിപത്യപരവുമാണെന്നാണ് വജാഹത് ഹബീബുള്ളയുടെ നിലപാട്. ഗതാഗത പ്രശ്നത്തിന് കാരണം പൊലീസാണ്. അനാവശ്യമായി അഞ്ച് ഇടങ്ങളിൽ ബാരിക്കേഡ് തീർത്തിരിക്കുന്നുവെന്നും, ഈ റോഡുകൾ തുറന്നാൽ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്നും സത്യവാങ്മൂലത്തിൽ മധ്യസ്ഥൻ വ്യക്‌തമാക്കി. പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രസർക്കാർ പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തണമെന്നും ശുപാർശ ചെയ്തു.
നോയിഡ-ഫരീദാബാദ് റോഡ് തുറന്ന് ഒരു മണിക്കൂറിനുള്ളിൽ പൊലീസ് വീണ്ടും അടച്ചതിൽ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവർ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഗതാഗത പ്രശ്നം പരിഹരിക്കുന്നതിൽ സുപ്രിംകോടതിയുടെ നിലപാട് നിർണായകമാകും.
Story Highlights- shaheen bagh, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here