ഉന്നാവ് കേസ്; മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗറിന്റെ നിയമസഭാംഗത്വം റദ്ദാക്കി

ഉന്നാവ് ബലാത്സംഗക്കേസിൽ പ്രത്യേക കോടതി ശിക്ഷിച്ച മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന്റെ നിയമസഭാംഗത്വം റദ്ദാക്കി. ഉന്നാവിലെ ബാംഗർമൗ നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ കുൽദീപ് സിംഗിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.
കുൽദീപ് സിംഗിന് ഡൽഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച 2019 ഡിസംബർ 20 മുതൽ അദ്ദേഹത്തെ അയോഗ്യനാക്കിയതായാണ് വിജ്ഞാപനം. അന്ന് മുതൽ ബാംഗർമൗ നിയോജക മണ്ഡലം ഒഴിഞ്ഞു കിടക്കുന്നതായും വിജ്ഞാപനത്തിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ കുൽദീപ് സിംഗിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുകയിൽ നിന്ന് 10 ലക്ഷം രൂപ പെൺകുട്ടിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് വിധിയിൽ നിർദേശിച്ചിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് കേസ് ദേശീയ ശ്രദ്ധ നേടിയത്. കള്ളക്കേസിൽ കുടുങ്ങിയ പെൺകുട്ടിയുടെ അച്ഛൻ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചിരുന്നു. അതിനിടെ പെൺകുട്ടിയും അഭിഭാഷകനും ഉൾപ്പെടെ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയും പെൺകുട്ടിയുടെ ബന്ധു മരിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here