എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ താക്കീത്

എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന് ഹൈക്കോടതിയുടെ താക്കീത്. കോതമംഗലം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കളക്ടർക്കെതിരായ കോടതി അലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴാണ് കോടതി താക്കീത് നൽകിയത്. കളക്ടർ അഞ്ച് മിനുട്ടിനകം ഹാജരാകണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്ത് കൊണ്ടുവരാൻ ഉത്തരവിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

കേസിൽ കോടതിയിൽ ഹാജരാകാൻ കളക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കേസ് പരിഗണിച്ചപ്പോൾ കളക്ടർ ഹാജരായിരുന്നില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. കളക്ടർ സ്വന്തം ഇഷ്ടപ്രകാരമല്ല ഹാജരാകേണ്ടതെന്ന് കോടതി പറഞ്ഞു. തുടർന്ന് കളക്ടർക്ക് ഹാജരാകാൻ ഉച്ചയ്ക്ക് 1.45 വരെ സമയം വേണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

കോതമംഗലം ചെറിയ പള്ളി കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് സഭാ വികാരിക്ക് നിയന്ത്രണം കൈമാറണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് നടപ്പായില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് സഭാ വികാരി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ കളക്ടർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top