കുട്ടനാട് സീറ്റ്: പിജെ ജോസഫ് പക്ഷം വിട്ടുവീഴ്ചക്ക് തയാറായേക്കുമെന്ന് സൂചന

കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ പിജെ ജോസഫ് പക്ഷം വിട്ടുവീഴ്ചക്ക് തയാറായേക്കുമെന്ന് സൂചന. കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളെയും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തി സീറ്റ് ഏറ്റെടുക്കാനുളള നീക്കത്തിലാണ് കോൺഗ്രസ്സ്. മുന്നണിക്കുളളിലെ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന കടുത്ത നിലപാട് മുസ്ലിംലീഗ് യുഡിഎഫ് യോഗത്തിൽ സ്വീകരിച്ചു
കുട്ടനാട് സീറ്റ് സംബന്ധിച്ച വിശദ ചർച്ചകളിലേക്ക് ഇന്നത്തെ യുഡിഎഫ് യോഗം കടന്നില്ല. എന്നാൽ ഇനിയൊരു ഉപ തെരഞ്ഞെടുപ്പ് തോൽവി മുന്നണിക്ക് താങ്ങാനാവില്ലെന്നും എന്തുവില കൊടുത്തും കുട്ടനാട് വിജയിക്കണമെന്നും കൺവീനർ ബെന്നി ബെഹന്നാൻ യോഗത്തിൽ വ്യക്തമാക്കി. വിട്ടുവീഴ്ചക്ക് എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തർക്കം തുടരുന്ന പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളെയും നിലവിലെ രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന നിലപാടിലാണ് നേതാക്കൾ. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനുളള ശ്രമത്തിലാണ് നേതാക്കൾ. കേരളാ കോൺഗ്രസ്സ് വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഈ മാസം 29 ന് കൊച്ചിയിൽ കേരളാ കോൺഗ്രസിലെ ഇരുവിഭാഗം നേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തും.
മുന്നണിയിൽ കോൺഗ്രസ് കൂടുതൽ നേതൃപരമായ പങ്കുവഹിക്കണണെന്ന് യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. യുഡിഎഫിൽ നടക്കുന്നുവെന്ന് ജനങ്ങൾ കാണുന്നുണ്ടെന്നും അതിന്റെ പ്രതിഫലനമാണ് പാലായിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണിക്കുളളിലെ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും മുസ്ലിംലീഗ് കടുത്ത നിലപാട് സ്വീകരിച്ചു.
ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് യോഗത്തിൽ മുല്ലപ്പള്ളി പറഞ്ഞു. പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ നരേന്ദ്ര മോദിയെപ്പോലെ പിണറായി വിജയനെയും തുറന്ന് കാട്ടണമെന്ന പൊതുവികാരവും യോഗത്തിൽ ഉയർന്നു.
Story Highlights- Kuttanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here