‘ബാറ്റിംഗ് ശൈലിയെ കോലി പിന്തുണച്ചിരുന്നു; പരാജയപ്പെട്ടതിൽ നിരാശയില്ല’; സഞ്ജു സാംസൺ

ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയിൽ പരാജയപ്പെട്ടത് നിരാശപ്പെടുത്തുന്നില്ലെന്ന് മലയാളി താരം സഞ്ജു സാംസൺ. ബാറ്റിംഗ് ശൈലിയെ ക്യാപ്റ്റൻ വിരാട് കോലി പിന്തുണച്ചിരുന്നു എന്നും പരാജയപ്പെട്ടാൽ കുഴപ്പമില്ലെന്ന ചിന്ത മനസ്സിൽ ഉണ്ടായിരുന്നു എന്നും സഞ്ജു കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തോടാണ് സഞ്ജു പ്രതികരിച്ചത്.
അഞ്ച് വർഷങ്ങൾക്കു ശേഷം ഇന്ത്യൻ ടീമിൻ്റെ ജേഴ്സി അണിയുമ്പോൾ കാര്യങ്ങൾ ശരിയായി വരാൻ കുറച്ച് സമയമെടുക്കും. സമ്മർദ്ദമുണ്ടാവും എന്ന് മനസ്സിലാക്കിയാണ് കളിക്കാൻ പോയത്. ഒരു ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം പത്ത് തവണ കളിച്ചാൽ മൂന്നോ നാലോ തവണ മാത്രമേ മികച്ച പ്രകടനം നടത്താൻ സാധിക്കൂ. സച്ചിൻ തെണ്ടുൽക്കർ പോലും ഇത്തരത്തിൽ പരാജയപ്പെട്ടിട്ടുണ്ട്. അപ്പോൾ തൻ്റെ കാര്യമൊക്കെ ആലോചിക്കാവുന്നതാണ്. പരാജയപ്പെട്ടാലേ അടുത്ത തവണ വിജയിക്കാനാവൂ. അടുത്ത തവണ ലഭിക്കുന്ന അവസരം നല്ലപോലെ ഉപയോഗിക്കണമെന്നും സഞ്ജു പറഞ്ഞു.
ആരാധകരുടെ നിരാശ താൻ മനസ്സിലാക്കുന്നു. അവരാണ് തൻ്റെ ശക്തിയെന്നും സഞ്ജു കൂട്ടിച്ചേർത്തു. ഐപിഎല്‍ ലോകത്തെ ഏറ്റവും മികച്ച ടി-20 ടൂര്‍ണമെന്റാണെനും അതില്‍ കളിക്കാനാവുന്നത് തന്നെ ഭാഗ്യമാണെന്നും സഞ്ജു പറഞ്ഞു.
ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയുടെ അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് സഞ്ജു ആയിരുന്നു. എന്നാൽ, രണ്ടിലും താരത്തിന് മികച്ച പ്രകടനം നടത്താനായില്ല. 8, 2 എന്നിങ്ങനെയായിരുന്നു സഞ്ജുവിൻ്റെ സ്കോർ. അടുത്ത മാസം 29ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. രാജസ്ഥാൻ റോയൽസിലാണ് താരം കളിക്കുന്നത്.
Story Highlights: Sanju samson talks about new zealand series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here