നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി നാളെ രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി നാളെ രേഖപ്പെടുത്തും. ദിലീപിനെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായാണ് മഞ്‍ജു വാര്യർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരമാണ് വരും ദിവസങ്ങളിൽ നടക്കുക.
മഞ്ജു വാര്യർ, സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരുടെ മൊഴി നാളെ രേഖപ്പെടുത്തും. വെള്ളിയാഴ്ച്ച ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ എന്നിവരുടെയും ശനിയാഴ്ച്ച സംവിധായകൻ ശ്രീകുമാർ മേനോന്റെയും മൊഴി രേഖപ്പെടുത്തും. അടുത്ത മാസം നാലിന് റിമി ടോമിയുടെ മൊഴിയും രേഖപ്പെടുത്തും.
ദിലീപിന്‍റേതുള്‍പ്പെടെ പ്രതിഭാഗം അഭിഭാഷകർക്ക് മൊഴി നൽകുന്നവരെ വിസ്തരിക്കാനും അവസരമുണ്ട്. നടിയെ ആക്രമിച്ചതിനെതിരെ കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ ആരോപിച്ചിരുന്നു. ഇത് മഞ്ജു കോടതിയിലും ആവർത്തിക്കുമോയെന്നത് ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ നിർണ്ണായകമാണ്.
എന്നാൽ, ദിലീപുമായി മഞ്ജു സൗഹൃദത്തിലായി എന്ന പ്രചാരണം കേസിനെ ബാധിക്കുമോയെന്ന ആശങ്ക പ്രോസിക്യൂഷനുണ്ട്. ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. കൃത്യം നടക്കുന്ന സമയത്ത് ഇവരെ പിന്തുടർന്ന ടെമ്പോ ട്രാവലർ വാടകയ്ക്ക് നൽകിയ ആളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ രഹസ്യമായാണ് മൊഴിയെടുക്കലും എതിർ വിസ്താരവും നടക്കുന്നത്.
Story Highlights: Actress attack case Manju Warrier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here