ഡല്‍ഹി കലാപം ; ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍

ഡല്‍ഹി കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍. മതപരമായ അസഹിഷ്ണുത ഇന്ത്യയില്‍ കുതിച്ചുയരുകയാണെന്നും മതസ്വാതന്ത്ര്യത്തെ ദുര്‍ബലമാക്കുന്ന നിയമങ്ങളെ ജനാധിപത്യ രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ജനാധിപത്യ രാജ്യങ്ങള്‍ വിഭജനവും വിവേചനവും അംഗീകരിച്ച് നല്‍കരുതെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയപാല്‍ ആവശ്യപ്പെട്ടു. ലോകം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ ട്വിറ്റില്‍ പറഞ്ഞു. നേതൃത്വത്തിന്റെ ദയനീയ പരാജയത്തിന്റെ ഫലമാണ് അക്രമമെന്ന് മറ്റൊരു കോണ്‍ഗ്രസ് അംഗമായ അലന്‍ ലോവന്‍താല്‍ പറഞ്ഞു. ഇന്ത്യയില്‍ മനുഷ്യാവകാശം വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അതിനെ തുറന്നെതിര്‍ക്കണമെന്നും ലോവന്‍താല്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ അക്രമം അംഗീകരിക്കാനാവില്ലെന്നായിരുന്നു ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സൈനറ്ററുമായ എലിസബത്ത് വാറന്റെ പ്രതികരണം.

ഈയാഴ്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചെങ്കിലും ഡല്‍ഹിയില്‍ മുസ്ലിങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള കലാപമാണ് വാര്‍ത്തയെന്ന് കോണ്‍ഗ്രസ് അംഗം റഷീദ താലിബ് ട്വീറ്റ് ചെയ്തു. ആള്‍ക്കൂട്ട അക്രമം തടയണമെന്നും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. വാഷിംഗ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും ഉള്‍പ്പടെയുള്ള അമേരിക്കന്‍ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ഡല്‍ഹി കലാപത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Story Highlights- Citizenship Amendment Act, delhi riot, Delhi violence, Members of the US Congress, expressing concern
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top