‘ഇന്ത്യയിൽ സ്ഥാനമുള്ളത് ഭാരത് മാതാ കീ ജയ് വിളിക്കുന്നവർക്ക് മാത്രം’; ഹിമാചൽ മുഖ്യമന്ത്രിയുടെ പരാമർശം വിവാദമാകുന്നു

ഭാരത് മാതാ കീ ജയ് വിളിക്കുന്നവർക്ക് മാത്രമേ ഇന്ത്യയിൽ സ്ഥാനമുള്ളൂ എന്ന ഹിമാചൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിൻ്റെ പരാമർശം വിവാദമാകുന്നു. വിധാന്‍സഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഠാക്കൂര്‍ വിവാദ പരാമർശം നടത്തിയത്.

‘ഭാരത് മാതാ കീ ജയ് വിളിക്കുന്നവര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ നില്‍ക്കാന്‍ അനുവാദമുള്ളത്. അത് ചെയ്യാത്തവര്‍, ഇന്ത്യയെ എതിര്‍ക്കുന്നവരാണ്. അവര്‍ ഭരണഘടനയെ ബഹുമാനിക്കുന്നില്ല. ഭരണഘടനയെ തുടര്‍ച്ചയായി അവർ അപമാനിക്കുകയാണ്. അവരെക്കുറിച്ച് ചിന്തിക്കണം. ഇത് തെറ്റാണ്, മോശവുമാണ്. ഇവരെ കൈകാര്യം ചെയ്യാനുള്ള സമയമായെന്ന് ഞാൻ കരുതുന്നു.’- ഠാക്കൂർ പറഞ്ഞു. ഡൽഹിയിൽ ഭീകരമായ കലാപം നടക്കുന്നതിനിടെയാണ് ഠാക്കൂറിൻ്റെ വിവാദ പരാമർശം. പരാമർശത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

രാജ്യത്തിൻ്റെ ഭരണഘടനയാണ് ഏറ്റവും വലിയ ജയ് എന്ന് സി.പി.എം അംഗം രാകേഷ് സിന്‍ഗയും ബിജെപി സാമുദായിക തലത്തില്‍ രാജ്യത്ത ധ്രുവീകരിക്കുകയാണെന്നാണ് ഹിമാചല്‍ കോണ്‍ഗ്രസ് തലവൻ കുൽദീപ് റാത്തോറും പറഞ്ഞു. രാജ്യത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ബിജെപിയാണെന്നും തകരുന്ന സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് ശ്രദ്ധ തിരിക്കാനായാണ് പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെന്നും റാത്തോർ കുറ്റപ്പെടുത്തി.

ഡൽഹി കലാപത്തിൽ മരണപ്പെട്ടവരുടെ എണ്ണം 20 ആയി. 190 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാർ എന്നിവിടങ്ങളിൽ കലാപകാരികൾ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു. വെടിയേറ്റ് 70 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Story Highlights: Only those who say ‘Bharat Mata ki Jai’ can stay in India, says Himachal CM on Delhi violence

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top