Advertisement

‘പറഞ്ഞതിൽ ഖേദമില്ല’; വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് കപിൽ മിശ്ര

February 26, 2020
Google News 1 minute Read

വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് കപിൽ മിശ്ര. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദമില്ലെന്നും ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണെന്നും കപിൽ മിശ്ര പറഞ്ഞു. ഡൽഹിയിലെ പ്രതിഷേധം കലാപമായി മാറിയത് കപിൽ മിശ്രയുടെ വിദ്വേഷ പരാമർശങ്ങളായിരുന്നു. പരാമർശത്തിനെതിരെ ഗൗതം ഗംഭീർ അടക്കമുള്ളവർ നിലപാട് എടുത്തിരുന്നു. തുടർന്ന് സമാധാനാഹ്വാനവുമായി മിശ്ര രംഗത്തെത്തി. ഇതിനു ശേഷമാണ് തൻ്റെ വിവാദ പരാമർശങ്ങളെ മിശ്ര ന്യായീകരിച്ചത്.

തനിക്കെതിരെ വധ ഭീഷണികൾ വരുന്നുണ്ടെന്നും മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ ഉള്ളവർ തന്നെ അധിക്ഷേപിക്കുകയാണെന്നും മിശ്ര പറഞ്ഞു. എന്നാൽ തെറ്റ് ചെയ്തിട്ടില്ലാത്ത തനിക്ക് ഭയമില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്ന കപിൽ മിശ്രയുടെ പരാമർശത്തെ തുടർന്നാണ് ഡൽഹിയിൽ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധം രക്തച്ചൊരിച്ചിലേക്ക് മാറിയത്. ശനിയാഴ്ച രാത്രി ഷഹീൻ ബാഗ് മാതൃകയിൽ ജാഫ്രാബാദിൽ സ്ത്രീകളുടെ പ്രതിഷേധം നടന്നു. പിറ്റേന്ന് വൈകിട്ടോടെ മോജ്പൂരിൽ മിശ്രയുടെ നേതൃത്വത്തിൽ സിഎഎ അനുകൂല പ്രതിഷേധം നടന്നു. തുടർന്ന് ഇരു വിഭാഗക്കാരും തമ്മിൽ കല്ലേറുണ്ടായി. ഇതാണ് കലാപത്തിലേക്ക് നീങ്ങിയത്.

നേരത്തെ, ഡൽഹിയിലെ പൗരത്വ പ്രക്ഷോഭത്തിനെതിരെ തെരുവിലിറങ്ങാൻ സംഘ്പരിവാർ പ്രവർത്തകരോട് ആവശ്യപ്പെടുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ ഗൗതം ഗംഭീർ എംപി രംഗത്തെത്തിയിരുന്നു. കപിൽ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ലെന്ന് ഗൗതം ഗംഭീർ കുറ്റപ്പെടുത്തി.

കപിൽ മിശ്രക്കെതിരെ നടപടി വേണമെന്നും ഗൗതം ഗംഭീർ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ അത് കപിൽ മിശ്ര ആയാലും മറ്റാരായാലും ഏത് പാർട്ടിക്കാരനായാലും മുഖം നോക്കാതെ നടപടി എടുക്കണമെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. ഗംഭീറിൻ്റെ പരാമർശത്തിനു ശേഷം അദ്ദേഹത്തിനെതിരെ സൈബർ ആക്രമണങ്ങളും ഉയർന്നു.

ഡൽഹി കലാപത്തിൽ ഇതുവരെ 18 പേരാണ് കൊല്ലപ്പെട്ടത്.

Story Highlights: Kapil Mishra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here