Advertisement

ഫേസ്ബുക്കിലൂടെ കലാപാഹ്വാനം; അട്ടപ്പാടിയിൽ യുവാവ് അറസ്റ്റിൽ

February 26, 2020
Google News 2 minutes Read

ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ യുവാവ് അറസ്റ്റിൽ. അട്ടപ്പാടി കള്ളമല സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളെ തുടർന്നാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസമാണ് ഇയാൾ കലാപാഹ്വാനം നടത്തുന്ന വീഡിയോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തത്. ട്രംപ് തിരികെ പോയ ശേഷം കാണിച്ച് തരാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഇയാൾ വീഡിയോയിൽ പറഞ്ഞിരുന്നു.

‘ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധം സമാധാനപരമായതു കൊണ്ട് ക്ഷമിച്ചതാണ്. കണ്ണടച്ചപ്പോൾ രാജ്യത്തിൻ്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നോ? നട്ടെല്ലില്ലാത്ത മൗനി സർക്കാരാണെന്ന് വിചാരിച്ചോ? ട്രംപ് ഒന്ന് പോയിക്കോട്ടെ. തീവ്രവാദികളേ നിങ്ങൾക്കുണ്ട്. സർദാർ വല്ലഭായി പട്ടേൽ ജി കുറച്ച് നാളല്ലേ ആഭ്യന്തരത്തിൽ പവർഫുളായി ഉണ്ടായിരുന്നുള്ളൂ. ആഭ്യന്തര മന്ത്രി എന്താണെന്ന് നിങ്ങൾ കണ്ടിട്ടില്ല. കശ്മീരിലെ വിഘടന വാദികളെ അടിച്ചൊതുക്കാമെങ്കിലാണോ നാലിലൊന്നില്ലാത്ത നിങ്ങൾ?’- തൻ്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ശ്രീജിത്ത് വെല്ലുവിളിച്ചു.

ഡിവൈഎഫ്ഐ മേഖല കമ്മറ്റിയുടെ പരാതിയെ തുടർന്ന് അഗളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ഇയാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കുമെന്ന് അഗളി സിഐ ഹിദായത്തുല്ല പറഞ്ഞു.

മുൻപും വർഗീയത പരത്തുന്ന വീഡിയോകളും പോസ്റ്റുകളും ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ ആക്ഷേപിക്കുന്നതിനൊപ്പം അസഭ്യ പരാമർശങ്ങൾ നിറഞ്ഞു നിൽക്കുന്ന വീഡിയോ ആയിരുന്നു ഇയാൾ പങ്കു വെച്ചത്.

അതേ സമയം, ഡൽഹി കലാപത്തിൽ മരണം 20 ആയി. ആശുപത്രിയിലെത്തിച്ച 189 പേരില്‍ 20 പേര്‍ മരിച്ചു എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 200 ഓളം പേര്‍ക്കാണ് കലാപത്തില്‍ പരുക്കേറ്റത്. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കലാപങ്ങള്‍ ഉണ്ടായ മേഖലകളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞ് പോവുകയാണ്.

Story Highlights: Youth arrested for spreading hate in attappady

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here