ഡല്‍ഹി കലാപം: കേസുകള്‍ അന്വേഷിക്കാന്‍ രണ്ട് പ്രത്യേക സംഘം: മരണസംഖ്യ 34 ആയി

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന്റെ രണ്ട് പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ക്ക് ഇരു സംഘത്തെയും ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നല്‍കി. ഡിസിപി ജോയ് ടിര്‍കെ, ഡിസിപി രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാകും കേസുകളുടെ അന്വേഷണം. ക്രൈംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ബി കെ സിംഗാണ് ഇരു ടീമുകളെയും ഏകോപിപ്പിക്കുക.

അതേസമയം, സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 200 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി നിലവില്‍ പൂര്‍വ സ്ഥിതിയിലേയ്ക്ക് നീങ്ങുകയാണ്. പകലും രാത്രിയിലും വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

കലാപങ്ങള്‍ ഉണ്ടായ മേഖലകളില്‍ സുരക്ഷാ സേനയെ വിന്യാസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതിയില്‍ ആയിട്ടില്ലെങ്കിലും അക്രമ സംഭവങ്ങള്‍ എങ്ങുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ രാത്രിയിലും വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ സുരക്ഷാ വിഭാഗങ്ങള്‍ റൂട്ട് മാര്‍ച്ച് നടത്തി.

Story Highlights: delhi riot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top