Advertisement

സുരക്ഷാ ഉദ്യോഗസ്ഥക്കൊപ്പം നൃത്തച്ചുവടുകളുമായി ജമീമ റോഡ്രിഗസ്; വീഡിയോ പങ്കുവെച്ച് ഐസിസി

February 27, 2020
Google News 4 minutes Read

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിലെ ശ്രദ്ധേയയായ താരമാണ് ജമീമ റോഡ്രിഗസ്. 19കാരിയായ ജമീമ ഓസ്ട്രേലിയയിൽ നടന്നു കൊണ്ടിരിക്കുന്ന വനിതാ ടി-20 ലോകകപ്പ് ടീമിലും ഉൾപ്പെട്ടിട്ടുണ്ട്. കളിക്കളത്തിൽ ഊർജ്വസ്വലയായ ജമീമ കളത്തിനു പുറത്തും ‘കൂളാണെന്ന്’ തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ഐസിസി തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരിക്കുകയാണ്.

ന്യുസീലൻ്റിനെതിരായ മത്സരം നടന്ന കാൻബറ സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥക്കൊപ്പം നൃത്തം ചെയ്യുന്ന ജമീമയുടെ വീഡിയോ ആണ് ഐസിസി പങ്കുവച്ചത്. ഡ്രസിംഗ് റൂമിൽ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽ വെച്ചാണ് ഇരുവരുടെയും നൃത്തം. ജമീമയുടെ ചുവടിനനുസരിച്ചാണ് ഓസ്ട്രേലിയക്കാരിയായ സുരക്ഷാ ഉദ്യോഗസ്ഥ ചുവടു വെക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

മത്സരത്തിൽ നാല് റൺസിന് ന്യുസീലൻ്റിനെ പരാജയപ്പെടുത്തിയ ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. ഇന്ത്യ മുന്നോട്ടു വെച്ച 134 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യുസീലൻ്റിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യ ന്യുസീലൻ്റിനെ പിടിച്ചുകെട്ടുന്ന കാഴ്ചയാണ് കണ്ടത്. മനോഹരമായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ന്യുസീലൻ്റിനെ വരിഞ്ഞുമുറുക്കി. ആറാം വിക്കറ്റിൽ അമേലിയ കെറും ഹെയ്‌ലി ജെൻസണും ചേർന്ന കൂട്ടുകെട്ട് വീണ്ടും ന്യുസീലൻ്റിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത കെർ ന്യുസീലൻ്റിനു വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും ഉജ്ജ്വലമായി അവസാന ഓവർ പന്തെറിഞ്ഞ ശിഖ പാണ്ഡെ ഇന്ത്യക്ക് വിജയവും സെമിഫൈനൽ ബെർത്തും നേടിക്കൊടുക്കുകയായിരുന്നു.

നേരത്തെ കൗമാര ഓപ്പണർ ഷഫാലി വർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഷഫാലി 46 റൺസെടുത്ത് പുറത്തായി. 23 റൺസെടുത്ത തനിയ ഭാട്ടിയയും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ഷഫാലിയോടൊപ്പം മറ്റു മൂന്ന് താരങ്ങൾ കൂടി ഇരട്ടയക്കം കടന്നെങ്കിലും ആർക്കും തുടക്കം മുതലെടുക്കാനായില്ല.

ജയത്തോടെ ടൂർണമെൻ്റിൽ ആദ്യമായി സെമിയിലെത്തുന്ന ടീമായി ഇന്ത്യ മാറി. ടൂർണമെൻ്റിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.

Story Highlights: Jemimah rodrigues dance with security staff video viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here