കുറ്റപത്രം സമര്‍പ്പിച്ചില്ല; പുല്‍വാമ ഭീകരാക്രമണക്കേസിലെ പ്രതിക്ക് ജാമ്യം

സമയപരിധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പുല്‍വാമ ഭീകരാക്രമണക്കേസിലെ പ്രതിക്ക് ജാമ്യം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിലെ പ്രതി യൂസഫ് ചോപ്പനാണ് ഡല്‍ഹിയിലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്.

യൂസഫ് ചോപ്പന്‍ 180 ദിവസമായി കസ്റ്റഡിയിലാണെന്നും എന്‍ഐഎ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.

തെളിവുകള്‍ ശേഖരിക്കുകയാണെന്ന് എന്‍ഐഎ മറുപടി നല്‍കി. കുറ്റപത്രം വൈകുന്ന സാഹചര്യത്തില്‍ പ്രതിക്ക് നിയമപ്രകാരമുള്ള ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ഡല്‍ഹി എന്‍ഐഎ കോടതി ജഡ്ജി പര്‍വീണ്‍ സിംഗ് വ്യക്തമാക്കി. അന്‍പതിനായിരം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചു. അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് അവര്‍ക്ക് മുന്നില്‍ ഹാജരാകണം.

തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. 2019 ഫെബ്രുവരി പതിനാലിന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പത് സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

അതേസമയം, പുല്‍വാമ ഭീകരാക്രമണ കേസിലെ പ്രതിക്ക് ജാമ്യമെന്ന വാര്‍ത്തകള്‍ എന്‍ഐഎ നിഷേധിച്ചു. ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കൊപ്പം അറസ്റ്റിലായ കുറ്റാരോപിതനാണ് യൂസഫ് ചോപ്പന്‍. തെളിവുകളുടെ അഭാവത്തില്‍ കുറ്റപത്രം വൈകിയതിനെ തുടര്‍ന്ന് ജാമ്യം ലഭിച്ച ചോപ്പനെ ജമ്മുവിലെ കോട്ട് ഭല്‍വാല്‍ ജയിലിലേക്ക് തന്നെ തിരിച്ചയക്കുമെന്നും എന്‍ഐഎ അറിയിച്ചു.

Story Highlights: attack in pulwama, Pulwama terror attackനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More