ഗ്രേറ്റയും മലാലയും കണ്ടുമുട്ടി; സമൂഹ മാധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവച്ച് ഇരുവരും

പോരാളികളായ രണ്ട് പെൺകുട്ടികൾ കണ്ടുമുട്ടിയ വാർത്തയും ചിത്രവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യൂൻബേയും വിദ്യാഭ്യാസ പ്രവർത്തക മലാല യൂസഫ് സായിയും ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയുടെ കാമ്പസിൽ കഴിഞ്ഞ ദിവസം കണ്ടുമുട്ടിയതാണ് സമൂഹ മാധ്യമങ്ങളിൽ യുവാക്കൾ ഏറ്റെടുത്തിരിക്കുന്നത്.

ഓക്സ്ഫഡിൽ വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ടുകാരിയായ മലാലയെക്കാണാൻ പതിനേഴുകാരിയായ ഗ്രേറ്റയെത്തിയപ്പോൾ അതൊരു അപൂർവ കൂടിക്കാഴ്ചയായി. ഈ നൂറ്റാണ്ടിനെ ഏറ്റവുമധികം സ്വാധീനിച്ച രണ്ട് പെൺകുട്ടികൾ കണ്ടുമുട്ടിയതിന്റെ ചിത്രവും വാർത്തയും സമൂഹ മാധ്യമങ്ങൾ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. മലാലയാണ് ഗ്രെറ്റയോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘ഏതെങ്കിലും സുഹൃത്തിനുവേണ്ടി താൻ ക്ലാസ് ഉപേക്ഷിക്കുമെങ്കിൽ അത് ഗ്രേറ്റയ്ക്ക് വേണ്ടി മാത്രമാണ്’ എന്നും അടിക്കുറിപ്പായി മലാല ചേർത്തു.

 

View this post on Instagram

 

Thank you, @gretathunberg. ❤️

A post shared by Malala (@malala) on

‘ഇന്ന് ഞാനെന്റെ മാതൃകാ വനിതയെ കണ്ടു, ഞാനെങ്ങനെയാണിതിനെ വിവരിക്കേണ്ടത്…’ എന്ന് ട്വിറ്ററിൽ ഗ്രേറ്റയും കുറിച്ചു. ബ്രിസ്റ്റോളിൽ നടക്കുന്ന കാലാവസ്ഥാ സമരത്തെ പിന്തുണയ്ക്കാനെത്തിയതായിരുന്നു ഗ്രേറ്റ ത്യൂൻബേ. രണ്ട് വർഷം മുമ്പാണ് കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ നയരൂപവത്കരണം ആവശ്യപ്പെട്ട് സ്വീഡൻകാരിയായ ഗ്രേറ്റ വെള്ളിയാഴ്ചകളിൽ ക്ലാസ് ഉപേക്ഷിച്ച് ഒറ്റയാൾ സമരം ആരംഭിച്ചത്. വളരെ പെട്ടെന്ന് ആഗോളതലത്തിൽ തന്നെ കാലാവസ്ഥാ സമരത്തിന്റെ മുഖമായി ഗ്രേറ്റ മാറി. താലിബാന്റെ നിയന്ത്രണത്തിലുള്ള പാകിസ്താനിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന പെൺകുട്ടികളെക്കുറിച്ച് എഴുതിയതിന് 2012ൽ മലാലയെ വധിക്കാൻ താലിബാൻ ശ്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റെങ്കിലും മലാല ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. പിന്നീട് 2014ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മലാല യൂസഫ് സായ്.

 

malala yusaf sai, greta thumberg

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top