‘ഇവിടെ വാടാ പാകിസ്താനി, നിനക്ക് ഞങ്ങൾ പൗരത്വം തരാം’; ബിഎസ്എഫ് ജവാന്റെ വീടിനു തീയിട്ട് ഡൽഹി കലാപകാരികൾ

ബിഎസ്എഫ് ജവാന്റെ വീടിനു തീയിട്ട് ഡൽഹി കലാപകാരികൾ. ബിഎസ്എഫ് ജവാന്‍ മുഹമ്മദ് അനീസിന്റെ വീടാണ് കലാപകാരികൾ ചുട്ടെരിച്ചത്. ഡൽഹിയിലെ ഖജുരി ഖാസിൽ ഫെബ്രുവരി 25നായിരുന്നു സംഭവം. മുസ്ലിം വീടുകൾ തിരഞ്ഞു പിടിച്ച് ആക്രമിച്ചു കൊണ്ടിരുന്ന കലാപകാരികൾ അനീസിൻ്റെ വീട് കത്തിക്കുകയായിരുന്നു.

അനീസിൻ്റെ വീടിനു മുന്നിൽ ബിഎസ്എഫ് ജവാനെന്ന ബോർഡ് വെച്ചിട്ടുണ്ടായിരുന്നു. എന്നാൽ അത് കണക്കിലെടുക്കാതെയായിരുന്നു ആക്രമണം. വീട്ടിലേക്ക് ഇരച്ചെത്തിയ കലാപകാരികൾ ആദ്യം വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ തീവച്ച് നശിപ്പിച്ചു. പിന്നീട് വീടിനു നേർക്ക് കല്ലെറിഞ്ഞു. “ഇവിടെ വാടാ പാകിസ്താനി, ഞങ്ങൾ നിനക്ക് പൗരത്വം നൽകാം” എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. ഇതിന് പിന്നാലെ ഇവർ വീടിനകത്തേക്ക് ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിഞ്ഞു.

ഈ സമയത്ത് അനീസ്, പിതാവ് മുഹമ്മദ് മുനിസ്, അമ്മാവന്‍ മുഹമ്മദ് അഹമ്മദ്, സഹോദരി നേഹ പര്‍വീണ്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. അക്രമികൾ എത്തിയതോടെ ഇവർ ഓടി രക്ഷപ്പെട്ടു. പാരാമിലിട്ടറി സംഘവും അനീസിൻ്റെ രക്ഷക്കെത്തി. അക്രമികൾ വലിച്ചെറിഞ്ഞ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് വീട് അഗ്നിക്കിരയായത്. അനീസിൻ്റെ വീട് സ്ഥിതി ചെയ്യുന്ന ഖജുരി ഖാസിൽ 35 വീടുകൾക്കാണ് കലാപകാരികള്‍ തീയിട്ടത്.

വരുന്ന ഏപ്രിലിൽ നേഹയുടെയും മെയിൽ അനീസിൻ്റെയും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. തങ്ങളുടെ സമ്പാദ്യം മുഴുവൻ ഈ വീട്ടിലാണ് ഇവർ സൂക്ഷിച്ചിരുന്നത്. അതൊക്കെ കത്തിനശിച്ചു. വിവാഹത്തിനായി സമ്പാദിച്ചുവെച്ചിരുന്ന മൂന്നു ലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളുമെല്ലാം കത്തി നശിച്ചുവെന്ന് ഇവർ പറഞ്ഞു. ഖജുരി ഖാസ് ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെന്നും അയൽക്കാരൊന്നും ആക്രമണങ്ങളിൽ പങ്കാളികളായിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. തങ്ങളെ സഹായിച്ചത് അയൽക്കാരാണെന്നും അവർ പറയുന്നു.

Story Highlights: BSF Jawan’s House Burned Down in Khajuri Khas by Rioters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top