Advertisement

ജെമീസണ് അഞ്ച് വിക്കറ്റ് നേട്ടം; ഇന്ത്യ 242നു പുറത്ത്

February 29, 2020
Google News 2 minutes Read

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 242നു പുറത്ത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പുതുമുഖ താരം കെയിൽ ജെമീസണാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യക്കായി മൂന്ന് താരങ്ങൾ അർധസെഞ്ചുറി നേടി. ആദ്യ മത്സരത്തിൽ 10 വിക്കറ്റിൻ്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.

30 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടോടെയാണ് ഇന്ത്യ ആരംഭിച്ചത്. സ്വതസിദ്ധമായ ശൈലിയിൽ പൃഥ്വി ഷാ ആഞ്ഞടിച്ചപ്പോൾ സ്കോർ ഉയർന്നു. മറുവശത്ത് മായങ്ക് അഗർവാളിനു പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലായിരുന്നു. 7 റൺസെടുത്ത അഗർവാളിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ട്രെൻ്റ് ബോൾട്ട് ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തു. രണ്ടാം വിക്കറ്റിൽ പൂജാരയും പൃഥ്വി ഷായും ചേർന്ന കൂട്ടുകെട്ട് 50 റൺസ് കൂട്ടിച്ചേർത്തു. ക്ഷമയുടെ ഉദാഹരണമായി പൂജാര ഉറച്ചു നിന്നപ്പോൾ ഷാ അടിച്ചു തകർത്തു. ഒടുവിൽ 54 റൺസെടുത്ത ഷായെ കെയിൽ ജെമീസണിൻ്റെ പന്തിൽ ടോം ലതം ഉജ്ജ്വലമായി കൈപ്പിടിയിലൊതുക്കിയതോടെ ഈ കൂട്ടുകെട്ടും അവസാനിച്ചു.

വിരാട് കോലി (3) വീണ്ടും നിരാശപ്പെടുത്തി. ഇന്ത്യൻ നായകനെ സൗത്തി വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. അജിങ്ക്യ രഹാനെ (7)യും വേഗം മടങ്ങി. രഹാനെയെ സൗത്തിയുടെ പന്തിൽ റോസ് ടെയ്‌ലർ പിടികൂടി. അഞ്ചാം വിക്കറ്റിൽ പൂജാരയും ഹനുമ വിഹാരിയും ഒത്തുചേർന്നു. ബുദ്ധിപൂർവം ബൗളർമാരെ നേരിട്ട ഇരുവരും ചേർന്ന് 81 റൺസാണ് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഷോർട്ട് ബോൾ തന്ത്രത്തെ ആക്രമണാത്മകമായി നേരിട്ട വിഹാരി ഷോർട്ട് ബോളിൽ തന്നെ മടങ്ങി. നീൽ വാഗ്നറുടെ പന്തിൽ പുൾ ഷോട്ടിനു ശ്രമിച്ച വിഹാരിയെ ബിജെ വാറ്റ്ലിംഗ് പിടികൂടുകയായിരുന്നു. 55 റൺസെടുത്താണ് അദ്ദേഹം മടങ്ങിയത്. അർദ്ധസെഞ്ചുറി അടിച്ചതിനു പിന്നാലെ പൂജാരയും (54) മടങ്ങി. കെയിൽ ജെമീസണിൻ്റെ പന്തിൽ ബിജെ വാറ്റ്ലിംഗ് പിടിച്ചാണ് പൂജാര പുറത്തായത്.

ഋഷഭ് പന്ത് (9), ഉമേഷ് യാദവ് (0), രവീന്ദ്ര ജഡേജ (9) എന്നിവരും ജെമീസണിൻ്റെ ഇരകളായി മടങ്ങി. പന്തിനെ ജെമീസൺ ക്ലീൻ ബൗൾഡാക്കിയപ്പോൾ ഉമേഷും ജഡേജയും യഥാക്രമം വാറ്റ്ലിംഗിനും ബോൾട്ടിനും പിടികൊടുത്ത് മടങ്ങി. അവസാന വിക്കറ്റിൽ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർ ചില കൂറ്റൻ ഷോട്ടുകൾ ഉതിർത്തു. എന്നാൽ ഷമിയുടെ (16) കുറ്റി പിഴുത ബോൾട്ട് ഇന്ത്യൻ ഇന്നിംഗ്സിനു വിരാമമിട്ടു. ബുംറ (10) പുറത്താവാതെ നിന്നു.

Story Highlights: India allout for 242 against new zealand in second test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here