കൂടത്തായി കൊലപാതക കേസ്; ജോളിയെ കൗൺസിലിംഗിന് വിധേയയാക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫിനെതിരെ ആത്മഹത്യ കുറ്റത്തിന് കേസ് എടുത്തു. കഴിഞ്ഞ ദിവസം ജയിലിൽ വച്ച് ജോളി ആതമഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ കോഴിക്കോട് ജയിൽ സൂപ്രണ്ടിന്റെ പരാതി പ്രകാരമാണ് കസബ പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കൈത്തണ്ട മുറിച്ച് മരിക്കാൻ നോക്കിയ ജോളി ഇപ്പോൾ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താണ് ഇങ്ങോട്ട് മാറ്റിയിരിക്കുന്നത്.

ജോളിക്ക് വിഷാദ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ആത്മഹത്യ ശ്രമം ഇതിന്റെ ഭാഗമാണെന്നും കരുതുന്നു. ആത്മഹത്യ പ്രവണത കാണിക്കുന്നതിനാൽ ജോളിയെ കൗൺസിലിംഗിന് വിധേയയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ബിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് വിവരം.

മൂന്നൂ സെന്റീമീറ്റർ നീളത്തിൽ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത്. പല്ലുകൊണ്ട് കടിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് ജോളി പറയുന്നതെങ്കിലും പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കല്ല് ഉപയോഗിച്ചോ ചുമരിൽ ഇളകി നിൽക്കുന്ന ടൈൽ കഷ്ണം കൊണ്ടോ ആകാം കൈ മുറിച്ചിരിക്കുകയെന്നതാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കസബ പൊലീസ് ജോളിയെ ചോദ്യം ചെയ്യുന്നുണ്ട്. ഇപ്പോൾ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top