മഹാതിർ മുഹമ്മദ് വീണ്ടും മലേഷ്യയുടെ പ്രധാനമന്ത്രിയാകും

ഒരാഴ്ച മുമ്പ് രാജിവെച്ച മഹാതിർ മുഹമ്മദ് വീണ്ടും മലേഷ്യയുടെ പ്രധാനമന്ത്രിയാകും. അൻവർ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പകതൻ ഹരാപൻ സഖ്യം തനിക്ക് പിന്തുണയർപ്പിച്ചിട്ടുണ്ടെന്ന് മഹാതിർ മുഹമ്മദ് അറിയിച്ചു.
അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മഹാതിർ മുഹമ്മദിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി പദത്തിലേയ്ക്ക് തിരിച്ചെത്താനുള്ള ഭൂരിപക്ഷം തനിക്കുണ്ടെന്ന് മഹാതിർ മുഹമ്മദ് വ്യക്തമാക്കി. മഹാതിറിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തങ്ങൾ പൂർണമായും പിന്തുണയ്ക്കുന്നുണ്ടെന്ന് അൻവർ ഇബ്രാഹിമും പ്രസ്താവനയിൽ അറിയിച്ചു. സർക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് ജനാധിപത്യ മൂല്യങ്ങൾക്കായി പോരാടുമെന്നും അൻവർ പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ചയാണ് മഹാതിർ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. അൻവർ ഇബ്രാഹിം പുതിയ രാഷ്ട്രീയസഖ്യം രൂപവത്കരിച്ച് അധികാരത്തിലേറുന്നത് തടയുക എന്ന തന്ത്രത്തിൻറെ ഭാഗമായിരുന്നു രാജി. എന്നാൽ മൂന്നാമത് ഒരാൾ പ്രധാനമന്ത്രിയാകുമെന്ന സാഹചര്യം വന്നതോടെ ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു.
2018ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഹാതിർ മുഹമ്മദിന്റെ പിപിബി പാർട്ടിയും അൻവർ ഇബ്രാഹിമിന്റെ പിപ്പീൾസ് ജസ്റ്റിസ് പാർട്ടിയും ഒന്നിച്ചാണ് മുഖ്യ എതിരാളിയായ നജീബ് റസാഖിനെ നേരിട്ടത്. തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ സഖ്യം മഹാതിർ മുഹമ്മദിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. അൻവർ ഇബ്രാഹിമുമായി അധികാരം പങ്കിടുക എന്ന ധാരണയോടെയായിരുന്നു സർക്കാർ രൂപീകരണം. എന്നാൽ ഇതിൽ പിന്നിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ ഇരുവിഭാഗവും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു.
Story Highlights- malaysia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here