Advertisement

പാലാരിവട്ടം പാലം അഴിമതി കേസ്: വികെ ഇബ്രാഹീം കുഞ്ഞിനെ മൂന്നാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ചു

February 29, 2020
Google News 1 minute Read

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹീം കുഞ്ഞിനെ മൂന്നാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ചു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. തെളിവു ശേഖരണം തുടരുകയാണെന്ന് വിജിലൻസ് അറിയിച്ചു.

രണ്ടാമത് നടത്തിയ ചോദ്യം ചെയ്യലിലും ഇബ്രാഹീം കുഞ്ഞിന്റെ മൊഴി തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹീം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്തത്. പൂജപ്പുര പ്രത്യേക വിജിലൻസ് ഓഫീസിൽ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ 4 മണിക്കൂർ നീണ്ടു. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിനായി ആർഡിഎസ് കമ്പനിക്ക് 8.25 കോടി രൂപ മുൻകൂറായി നൽകിയതിൽ ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. കമ്പനി എംഡി സുമിത് ഗോയൽ, മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് എന്നിവരുടെ മൊഴിയടക്കമുള്ള തെളിവുകൾ വിജിലൻസ് ചൂണ്ടിക്കാട്ടി. വിജിലൻസ് നിരത്തിയ തെളിവുകൾക്ക് ഇബ്രാഹീം കുഞ്ഞ് കൃത്യമായ മറുപടി പറഞ്ഞില്ല. അതേ സമയം ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞിട്ടുണ്ടെന്നും ആദ്യം മുതൽ തന്നെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹീംകുഞ്ഞു പ്രതികരിച്ചു.

തെളിവ് ശേഖരണം തുടരുകയാണെന്നും, പ്രതിചേർക്കലും അറസ്‌റ്റും സംബന്ധിച്ച കാര്യങ്ങളിൽ പിന്നീട് തീരുമാനമെടുക്കുമെന്നും വിജിലൻസ് അറിയിച്ചു. ഇബ്രാഹിംകുഞ്ഞിന് പിന്നാലെ റോഡ്സ് ആൻ ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷിനെയും വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന സൂചനയും വിജിലൻസ് നൽകുന്നു.

Story Highlights: Palarivattom bridge ck ibrahim kunju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here