അഗതി മന്ദിരത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവം; ഉന്നതതല അന്വേഷണം ആരംഭിച്ചു

ചങ്ങനാശേരി പുതുജീവൻ ട്രസ്റ്റിലെ അന്തേവാസികളുടെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. കോട്ടയം എഡിഎം അനിൽ ഉമ്മനാണ് അന്വേഷണചുമതല. സ്ഥാപനത്തിൽ എത്തിയ എഡിഎം പ്രാഥമിക തെളിവെടുപ്പ് നടത്തി. മരണം, സ്ഥാപനത്തിന്റെ പ്രവർത്തനം തുടങ്ങിയവസംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. മരണകാരണം ന്യുമോണിയ ബാധയാണെന്ന് പ്രാഥമിക നിഗമനമുണ്ട്. എന്നാൽ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസും ആരോഗ്യവകുപ്പും.

നേരത്തെ, സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെകെ ശൈലജ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആദ്യ മരണം സംഭവിച്ചപ്പോള്‍ തന്നെ അന്വേഷണം നടത്തിയിരുന്നു. രണ്ടാമത്തെ മരണം ഉണ്ടായപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് പറഞ്ഞെങ്കിലും ബന്ധുക്കള്‍ അതിന് തയാറായില്ല. മൂന്നാമത്തെ മരണം നടന്നതോടെ നിര്‍ബന്ധമായും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നിര്‍ദേശം നല്‍കി. സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു.

പ്രാഥമിക പരിശോധനയില്‍ തന്നെ കൊറോണ വൈറസ് അല്ലെന്ന് തെളിഞ്ഞിരുന്നു. മറ്റെന്ത് കാരണം കൊണ്ടാണ് തുടര്‍ച്ചയായ മരണം ഉണ്ടായതെന്ന് കണ്ടെത്തനാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തില്‍ മെഡിസിന്‍, സൈക്യാര്‍ട്രി വിഭാഗം പ്രൊഫസര്‍മാരുള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തി വരുകയാണ്.

നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറ് പേര്‍ ചികിത്സയിലുണ്ട്. അതില്‍ ഒരാള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അഗതിമന്ദിരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി എന്ന് മന്ത്രി അറിയിച്ചു.

Story Highlights: destitute home deaths investigation started

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top