പൊലീസ് ആസ്ഥാനത്തെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഡിജിപി

loknath behra

പൊലീസ് ആസ്ഥാനത്തെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി സംസ്ഥാന സര്‍ക്കാരിനോട് ഡിജിപി അനുമതി തേടി. സംഭവത്തില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.

സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പൊലീസ് ആസ്ഥാനത്തെ അഴിമതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ളവര്‍ സര്‍ക്കാര്‍ ഒത്താശയോടെ ചട്ടലംഘനവും അഴിമതിയും നടത്തുന്നതിന്റെ തെളിവുകളും പുറത്തായി. പ്രതിപക്ഷം
ഡിജിപിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിവരങ്ങള്‍ പുറത്ത് വിട്ടവരെ കണ്ടെത്താന്‍ പൊലീസ് ആസ്ഥാനത്ത് നടപടി തുടങ്ങിയത്.

ഇക്കാര്യത്തില്‍ അന്വേഷണത്തിന് അനുമതി തേടി ഡിജിപി സര്‍ക്കാരിനെ സമീപിച്ചു. അനുമതിക്കായി ഫയല്‍ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പൊലീസിന്റെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ന്നത് പരിശോധിക്കാനാണ് നടപടിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ വിശദ വിവരമടക്കം ചോര്‍ത്തി നല്‍കിയത് മാവോയിസ്റ്റ് സാന്നിധ്യം ഉള്ള സംസ്ഥാനത്ത് സുരക്ഷയെ ബാധിക്കുന്ന തരത്തിലാണെന്ന് വിലയിരുത്തലുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

വിവര ചോര്‍ച്ചയില്‍ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. തൃശൂര്‍ സ്വദേശിയുടെ പരാതി കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഡിജിപി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.

Story Highlights: CAG report, Loknath Behera

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top