സംസ്ഥാനത്ത് നിന്ന് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

സംസ്ഥാനത്ത് നിന്ന് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കേരളത്തില്‍ നിന്ന് ഓരോ ദിവസവും കാണാതാവുന്നത് ശരാശരി മൂന്നു കുട്ടികളെയാണെന്ന് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 ല്‍ മാത്രം സംസ്ഥാനത്ത് നിന്ന് കാണാതായത് 267 കുട്ടികളെയാണ്. കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ കാണാതായിട്ടുള്ളത്.

സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്ന കേസുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2017 ല്‍ 100 കുട്ടികളെയാണ് കാണാതായതെങ്കില്‍, 2018 ഇത് 205 ആയി മാറി, 2019 എത്തിയപ്പേഴെക്കും ഇത് 267 ലേക്ക് ഉയര്‍ന്നു. കുട്ടികളെ കാണാതാകുന്ന കേസുകളില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍. മൂന്നു വര്‍ഷത്തിനിടെ 84 കുട്ടികളെയാണ് കാണാതായിട്ടുള്ളത്.

തിരുവനന്തപുരം 74, എറണാകുളം 73, ആലപ്പുഴ 59, പാലക്കാട് 45, തൃശൂര്‍ 42, കോട്ടയം 38, കൊല്ലം 35, വയനാട് 32, കാസര്‍ഗോഡ് 24, മലപ്പുറം 22, കണ്ണൂര്‍ 21, ഇടുക്കി 18 എന്നിങ്ങനെയാണ് കണക്ക്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. എട്ട് കുട്ടികളെയാണ് ഇവിടെ കാണാതയിട്ടുള്ളത്. അതേസമയം, 2010 മുതല്‍ 15 വരെയുള്ള അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കാണാതാകുന്ന കുട്ടികളുടെ എണ്ണം ഇതിലും വര്‍ധിക്കും.

എന്നാല്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കാണാതാകുന്ന കുട്ടികളില്‍ 60 ശതമാനം പേരെയും കണ്ടെത്താറുണ്ട്. നിലവില്‍ കുട്ടികളെ കാണാതായാല്‍ കണ്ടെത്താന്‍ പൊലീസിന് പുറമെ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ഓപ്പറേഷന്‍ വാത്സല്യ, സ്‌മൈല്‍, സ്‌കൂള്‍ തലങ്ങളില്‍ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.

Story Highlights: CHILD MISSING,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top