ഏഷ്യാ കപ്പ് വേദി മാറ്റിയിട്ടില്ല: ഗാംഗുലിയെ തള്ളി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് വേദി പാകിസ്താനിൽ നിന്ന് ദുബായിലേക്ക് മാറ്റിയെന്ന ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയെ തള്ളി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പിസിബി അധ്യക്ഷൻ എഹ്സാൻ മാനിയാണ് ഗാംഗുലിയെ തള്ളി രംഗത്തെത്തിയത്. ഏഷ്യാ കപ്പ് വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനം അയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പലതരത്തിലുള്ള കാര്യങ്ങൾ പരിഗണിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയൂ എന്നും അദ്ദേഹം അറിയിച്ചു.

“ഏഷ്യയിലെ എല്ലാ രാജ്യങ്ങളുടെയും താത്പര്യം ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്. വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനം അങ്ങനെ മാത്രമേ എടുക്കൂ. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്നില്ലെങ്കിൽ പകരം വേദിയായി ദുബായ് മാത്രമല്ല ഉള്ളത്. ഏഷ്യാ കപ്പ് സംഘടിപ്പിക്കുന്നത് അസോസിയേറ്റ് രാജ്യങ്ങൾക്ക് നേട്ടമുണ്ടാക്കാനാണ്. അത് പരിഗണിച്ചാവും തീരുമാനം. സെപ്തംബറിലാണ് ടൂർണമെൻ്റ്. ഇപ്പോൾ ഫെബ്രുവരി ആയതേയുള്ളൂ. കൊറോണ ഭീതി നിലനിൽക്കുകയാണ്. അതും പരിഗണിക്കണം.”- എഹ്സാൻ മാനി പറഞ്ഞു.

നേരത്തെ, ഇന്ത്യ ഏഷ്യാ കപ്പിൽ കളിച്ചില്ലെങ്കിൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി-20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ഇല്ലാതെ ഏഷ്യാ കപ്പ് നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനു തീരുമാനിക്കാമെന്നും ഇന്ത്യയെ ഉൾപ്പെടുത്താനാണ് തീരുമാനമെങ്കിൽ വേദി പാകിസ്താനിൽ നിന്നു മാറ്റണമെന്നും ബിസിസിഐ പറഞ്ഞു. ആതിഥേയത്വം ആരു വഹിക്കുന്നു എന്നതിനപ്പുറം വേദിയാണ് പ്രശ്നമെന്ന് ബിസിസിഐ അറിയിച്ചു. പാക്കിസ്താൻ ആതിഥേയത്വം വഹിക്കുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്നും വേദി പാകിസ്താനിലാണെങ്കിൽ കളിക്കില്ലെന്നുമാണ് ബിസിസിഐ നിലപാട് എടുത്തത്. ഇതേത്തുടർന്ന് ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Story Highlights: PCB chief contradicts Sourav Ganguly, says Asia Cup venue not finalised yet: Report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top