‘കരൾ’ പേടി വേണ്ട; കൃത്യ സമയത്ത് പരിശോധിക്കാം, ചികിത്സിക്കാം

മുൻപൊക്കെ സാധാരണക്കാർക്ക് അത്ര സുപരിചിതമല്ലാതിരുന്ന രണ്ട് പേരുകൾ ഇപ്പോൾ വ്യാപകമായി കേട്ട് തുടങ്ങിയിരിക്കുകയാണ്. എസ്ജിഒടി, എസ്ജിപിടി. കരളിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ ഉപകരിക്കുന്ന ലിവർഫങ്ഷൻ ടെസ്റ്റുകളിൽ രണ്ടെണ്ണമാണിവ. ഈ രണ്ട് അളവുകൾ നോർമലായിരുന്നതുകൊണ്ട് മാത്രം കരൾ ആരോഗ്യകരമാണെന്ന് പറയാൻ സാധിക്കില്ല. മറ്റ് പരിശോധനകളും നടത്തേണ്ടതുണ്ട്. കരൾ പരിശോധനകൾ ഏതൊക്കെയാണെന്നും അവ നടത്തുന്നതിന്റെ ആവശ്യകത എന്തൊക്കെയാണെന്നും സാധാരണക്കാർക്കിടയിൽ അവബോധമുണ്ടാക്കുന്നതിനാണ് ഈ ലേഖനം.

കരൾ പരിശോധനകൾ പലവിധം

ലിവർ ഫങ്ഷൻ ടെസ്റ്റ് (എൽഎഫ്ടി) കരളിന്റെ പ്രവർത്തനത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകുന്നു. രക്തപരിശോധനയ്ക്ക് ഡോക്ടറുടെ നിർദേശപ്രകാരവും അല്ലാതെയും ആളുകൾ എൽഎഫ്ടി ചെയ്യാറുണ്ട്. ഈ പരിശോധനയിൽ പ്രശ്‌നമുള്ളവർ ഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതുണ്ട്.

എൽഎഫ്ടി പരിശോധനയിലെ പത്ത് ഘടകങ്ങൾ ഇവയാണ്

1. എസ്ജിഒടി (Serum glutamic-oxaloacetate transaminase)

2. എസ്ജിപിടി (Serum glutamic-pyruvate transaminase)

3. ടോട്ടൽ ബിലിറുബിൻ

4. ഡയറക്ട് ബിലിറുബിൻ

5. ഇൻഡയറക്ട് ബിലിറുബിൻ

6. ടിപി (ടോട്ടൽ പ്രോട്ടീൻ)

7. ആൽബുമിൻ,

8. ഗ്ലോബുലിൻ

9. എഎൽപി (ആൾക്കലൈൻ ഫോസ്ഫറ്റേസ്)

10. ജിജിടി (Gamma-Glutamyl Transferase)

ലിവർ ഫങ്ഷൻ ടെസ്റ്റിലെ ഓരോ രക്ത പരിശോധനയും കരളിന്റെ ഏതെങ്കിലും ഒരു പ്രത്യേക പ്രവർത്തനത്തെയോ തകരാറിനേയോ ആണ് സൂചിപ്പിക്കുന്നത്. എസ്ജിഒടിയും എസ്ജിപിടിയും സൂചിപ്പിക്കുന്നത് കരൾ വീക്കത്തെയാണ്.

എസ്ജിഒടി, എസ്ജിപിടി നോർമൽ റേറ്റ് പല ലാബുകളിലും വ്യത്യസ്തമാണെങ്കിലും ശരാശരി നാൽപതിന് താഴെ നിൽക്കണമെന്നാണ്. നാൽപതിന് മുകളിലേക്ക് പോകുകയാണെങ്കിൽ കരൾ വീക്കമുണ്ടെന്ന് ഉറപ്പിക്കാം. പല കാരണങ്ങൾകൊണ്ട് കരൾ വീക്കമുണ്ടാകാം.

എന്തുകൊണ്ട് കരൾ വീങ്ങുന്നു?

പ്രധാനമായും ആറ് കാരണങ്ങൾ കൊണ്ടാണ് കരൾ വീക്കമുണ്ടാകുന്നത്.

1. മദ്യപാനം- ഏറ്റവും സാധാരണമായ കാരണം

2.എൻ.എ.എഫ്.എൽ.ഡി (നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്) ഡയബറ്റീസ്, രക്തസമ്മർദം, കൊളസ്‌ട്രോൾ, പൊണ്ണത്തടി, അമിതാഹാരം കഴിക്കുന്നവർ. ശാരീരിക അധ്വാനമില്ലാത്തവർ എന്നിവർക്ക് ഈ രോഗം കാണുന്നു. ഇത് ഒരു തരം ജീവിതശൈലീ കേന്ദ്രിത കരൾ രോഗമാണ്.

3. വൈറസുകളുടെ അണുബാധകൊണ്ട് കരൾ വീങ്ങാം. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഇ എന്നിവ വൈറസുകളുടെ അണുബാധകൊണ്ട് ഉണ്ടാകുന്നതാണ്.

4. മരുന്നുകളുടെ ഉപയോഗം

5. അപൂർവമായി കണ്ടുവരുന്ന ജനിതക രോഗം. അതിൽ തന്നെ രണ്ട് തരത്തിലുണ്ട്. ചെമ്പ് അടിയുന്നതും ഇരുമ്പ് അടിയുന്നതുമായ രോഗം.

6. AUTOIMMUNE HEPATITIS- സ്വന്തം രോഗപ്രതിരോധ ശക്തി (IMMUNITY),ശരീരത്തിലെ അവയവങ്ങൾക്ക് നേരെ തിരിയുന്ന അവസ്ഥ.

മുകളിൽ പറഞ്ഞിരിക്കുന്ന അവസ്ഥകളിൽ മിക്കതിലും എസ്ജിഒടി, എസ്ജിപിടി പലപ്പോഴും നൂറ് അല്ലെങ്കിൽ 200 ആയിരിക്കും. ശരിയായ രോഗനിർണയം നടത്തി കൃത്യസമയത്ത് ചികിത്സ തേടിയാൽ അതിൽ പേടിക്കേണ്ടതില്ല. എന്നാൽ എസ്ജിഒടി, എസ്ജിപിടി ആയിരം കടക്കുന്ന അപൂർവം ചില അവസ്ഥകളും ഉണ്ട്. അത്തരം സാഹചര്യത്തിൽ രോഗിയെ ഇന്റൻസീവ് കെയർ യൂണിറ്റിൽ (ഐസിയു)പ്രവേശിപ്പിക്കേണ്ടതായി വരാം. ഈ ഒരു അവസ്ഥയ്ക്ക് കാരണം പലപ്പോഴും വൈറസുകൾ തന്നെയാണ്. ഫൾമിനന്റ് ലിവർ ഫെയിലിയർ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

വൈറസുകൾ അല്ലാത്ത ചില കാരണങ്ങൾ കൊണ്ടും എസ്ജിഒടി, എസ്ജിപിടി ആയിരങ്ങളിലേക്ക് കടക്കുന്ന അവസ്ഥവരാം. കേരളത്തിൽ ആത്മഹത്യയ്ക്കായി പാരസെറ്റമോൾ അമിത അളവിൽ കഴിക്കുന്ന പ്രവണതയുണ്ട്. ഇത് മൂലം ഫൾമിനന്റ് ലിവർ ഫെയിലിയർ ഉണ്ടാകാം. റാറ്റോൾ എന്ന എലിവിഷം കഴിച്ചാലും ഫൾമിനന്റ് ലിവർ ഫെയിലിയർ ഉണ്ടാകാം. എസ്ജിഒടി, എസ്ജിപിടി ആയിരത്തിലേയ്ക്ക് കടന്നാൽ കരൾ പ്രവർത്തനം മന്ദീഭവിക്കുകയും ചിലരിൽ കരൾ മാറ്റിവയ്‌ക്കേണ്ടി വരികയും ചെയ്യാറുണ്ട്.

എൽഎഫ്ടി കൂടാതെ കരൾ രോഗങ്ങളെ കണ്ടുപിടിക്കാൻ മറ്റു പരിശോധനകളും വേണ്ടിവരാം. ഏറ്റവും പ്രധാനം അൾട്രാസൗണ്ട് സ്‌കാൻ ആണ്. കരളിന്റെ ചുരുക്കം, കരളിന്റെ മുഴകൾ, പിത്തനാളിയിൽ ഉണ്ടാകുന്ന അടവുകൾ, വയറിലെ വെള്ളം എന്നിവ കണ്ടെത്തുന്നതിന് അൾട്രാസൗണ്ട് സ്‌കാൻ ചെയ്യാറുണ്ട്.

Fibroscan -കരളിൽ വടുക്കൾ അടിയുന്നത് കാലേകൂടി തന്നെ കണ്ടുപിടിക്കുന്ന ഒരു സ്‌കാൻ ടെസ്റ്റാണ്. കരൾ സിറോസിസ് പത്തോ, ഇരുപതോ വർഷം നീണ്ടു നിൽക്കുന്ന നിശബ്ദമായ കരൾ അപചയം മൂലമാണ് ഉണ്ടാകുന്നത്. രോഗിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാത്ത ആരംഭദശയിലെ സിറോസിസ് രോഗം Fibroscan ചെയ്താൽ കണ്ടുപിടിക്കാം. ഏത് പരിശോധനയായാലും ഡോക്ടറുടെ നിർദേശപ്രകാരം വേണം ചെയ്യാൻ.

കടപ്പാട്-ഡോ. ഹരികുമാർ ആർ നായർ (ഹെപ്പറ്റോളജിസ്റ്റ് ആന്റ് ലിവർ ട്രാൻസ്പ്ലാന്റ് ഫിസീഷ്യൻ)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top