Advertisement

കൊറോണ; നെടുമ്പാശേരിയിൽ നിന്ന് സൗദിയിലേക്കും മലേഷ്യയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി

March 2, 2020
Google News 2 minutes Read

കോവിഡ് 19 ഭീതിയെ തുടർന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലേക്കും മലേഷ്യയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി. സൗദി എയർലൈൻസിന്റെ ജിദ്ദയിലേക്കുള്ള പ്രതിദിന സർവീസും മലിൻഡോ എയർലൈൻസിന്റെ ക്വാലാലംപൂരിലേക്കുള്ള പ്രതിദിന സർവീസുമാണ് റദ്ദാക്കിയത്. എന്നാൽ സൗദി സർവീസുകൾ പതിമൂന്നിന് പുനരാരംഭിക്കുമെന്നു സൗദി എയർലൈൻസ് അറിയിച്ചിട്ടുണ്ട്. മലേഷ്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെ പ്രതിവാര സർവീസ് 19ൽ നിന്ന് 12 ആയി കുറഞ്ഞു.

Read Also: ഇന്ത്യയിൽ വീണ്ടും കൊറോണ; രണ്ട് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കൂടാതെ ചൈന, ഹോങ്കോംഗ്, തായ്ലന്റ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി രോഗ പരിശോധയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചു.

അതേ സമയം, ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡൽഹിയിലും തെലങ്കാനയിലും ഓരോരുത്തർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് വന്ന ആൾക്കാണ് ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചത്. ദുബായിൽ നിന്ന് വന്നയാൾക്കാണ് തെലങ്കാനയിൽ കൊറോണ കണ്ടെത്തിയത്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ്. കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരും സുഖം പ്രാപിച്ചതിന് പിന്നാലെയാണ് വീണ്ടും രാജ്യത്ത് കൊറോണ റിപ്പോർട്ട് ചെയ്തത്.

54 ലോക രാജ്യങ്ങളിൽ കൊവിഡ് 19 രോഗം പടർന്നുപിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 206 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 193 പേർ വീടുകളിലും 13 പേർ ആശുപത്രികളിലും ആണ് നിരീക്ഷണത്തിലുള്ളത്. പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഒൻപത് വ്യക്തികളെ ഇന്ന് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 488 സംശയാസ്പദമായ സാമ്പിളുകൾ എൻഐവിയിൽ പരിശോധക്ക് അയച്ചിട്ടുണ്ട്. ഇതിൽ 471 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ് റിലീസിലാണ് വ്യക്തമാക്കിയത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത്. 50 പേരാണ് എറണാകുളത്ത് നിരീക്ഷണത്തിലുള്ളത്. എറണാകുളം കഴിഞ്ഞാൽ തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്. വയനാട്ടിൽ ആരും തന്നെ നിരീക്ഷണത്തിലില്ല.

 

corona flight cancelled nedumbasseri to saudi and malaysia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here