ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി കാനോനിക നിയമപ്രകാരം; വത്തിക്കാൻ

വസിസ്റ്റർ ലൂസി കളപ്പുരക്കെതിരായ നടപടി കാനോനിക നിയമപ്രകാരം മാത്രമെന്ന് വത്തിക്കാൻ. ലൂസിയെ പുറത്താക്കിക്കൊണ്ടുളള വത്തിക്കാൻ ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. വത്തിക്കാൻ മറുപടിയോടെ ലൂസിക്ക് മഠത്തിൽ തുടരാൻ അവകാശമില്ലെന്ന് മാനന്തവാടി രൂപതയും നിലപാടെടുത്തു. സഭാ നിലപാട് സിസ്റ്റർ ലൂസിയെ പ്രതിരോധത്തിലാക്കുന്നതാണ്.

Read Also: സഭയ്‌ക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതികളിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ്

കാനോനിക നിയമങ്ങൾ തെറ്റിച്ചതിനാൽ സിസ്റ്റർ ലൂസിക്ക് കാരയ്ക്കാമലയിലെ മഠത്തിൽ തുടരാനാകില്ലെന്ന് വ്യക്തമാക്കുന്ന വത്തിക്കാൻ ഉത്തരവിൽ അപേക്ഷ തളളിയെന്നത് ഇംഗ്ലീഷിലും മറ്റ് വിശദാംശങ്ങൾ ലാറ്റിൻ ഭാഷയിലുമാണ്. കാനോനിക നിയമങ്ങൾ പരാമർശിക്കുന്ന ഉത്തരവിൽ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ തളളിയെന്നും ഇനി കന്യാസ്ത്രീയായി മഠത്തിൽ തുടരാനാകില്ലെന്നും വ്യക്തമാക്കുന്നുണ്ട്. രണ്ടാം അപേക്ഷയും തളളിയതോടെ രൂപതയും സിസ്റ്റർ ലൂസിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ്. വത്തിക്കാൻ തീരുമാനപ്രകാരം സിസ്റ്റർ ലൂസിക്ക് മഠത്തിൽ തുടരാനാകില്ല. ഇനി മഠത്തിൽ താമസിക്കുകയാണെങ്കിൽ അത് അതിക്രമിച്ചുളള കടന്നുകയറ്റമായി കണക്കാക്കപ്പെടുമെന്നും മാനന്തവാടി രൂപത വ്യക്തമാക്കുന്നു.

നേരത്തെ കാരയ്ക്കാമല മഠത്തിൽ നിന്ന് സിസ്റ്റർ ലൂസിയെ പുറത്താക്കരുതെന്ന് മാനന്തവാടി മുൻസിഫ് കോടതി സിസ്റ്ററുടെ ഹർജിയിൽ അറിയിച്ചിരുന്നു. എന്നാൽ ജനുവരി ഒന്ന് വരെയായിരുന്നു ഇതിന്റെ കാലാവധി. ഇതോടെ സഭ നിലപാട് കടുപ്പിച്ചാൽ സിസ്റ്റർ ലൂസിക്ക് മഠത്തിൽ നിന്ന് ഇറങ്ങിക്കൊടുക്കേണ്ട സാഹചര്യമുണ്ടാകും.

മഠത്തിൽ നിൽക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ നൽകിയ രണ്ടാം അപേക്ഷയാണ് വത്തിക്കാൻ തള്ളിയത്. ഈ സാഹചര്യത്തിൽ ലൂസിക്ക് മഠത്തിലെ നിലനിൽപ്പ് പ്രതിസന്ധിയിലാകും. എന്നാൽ മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നും പോരാട്ടം തുടരുമെന്നുമാണ് സിസ്റ്ററിന്റെ നിലപാട്. മഠത്തിൽ നിന്ന് പുറത്താക്കിയ രീതിയിലാണ് മറ്റ് കന്യാസ്ത്രീകൾ തന്നോട് പെരുമാറുന്നത്. പൊലീസുകാർ തന്റെ പരാതിയിന്മേൽ നടപടി സ്വീകരിക്കുന്നില്ലെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. സഭാ നേതൃത്വം തന്നോട് അനീതി കാണിച്ചുവെന്നും തന്റെ ഭാഗം ഒരിക്കലും കേട്ടില്ലെന്നും സിസ്റ്റർ ലൂസി. നീതികേടുകൾക്കെതിരെ ഇനിയും പ്രതികരിക്കും. പീഡനത്തിന് വിധേയയായ ഒരു കന്യാസ്ത്രീക്കൊപ്പം നിന്നതാണ് തന്നെ പുറത്താക്കാൻ കാരണമെന്നും ലൂസി കളപ്പുര ട്വന്റിഫോർ എൻകൗണ്ടറിൽ പ്രതികരിച്ചു.

 

lucy kalappura

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top