ദേവനന്ദയുടെ മരണം; ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

കൊല്ലത്തെ ഏഴുവയസുകാരി ദേവനന്ദയുടെ മരണം മനസിൽ നിന്ന് ഒരിക്കലും മായാത്ത വേദനയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട നിലയിൽ കുഞ്ഞുങ്ങളെ കണ്ടാൽ പ്രത്യേക ശ്രദ്ധയോടെ ഇടപെടണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ദേവനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ദേവനന്ദയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഉപക്ഷേപം അവതരിപ്പിച്ചത്. സംശയമുള്ള വ്യക്തിയുടെ പേര് വീട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്. പുഴയോരത്ത് കുട്ടി ഒറ്റയ്ക്ക് പോകുമെന്ന് ആരും കരുതുന്നില്ല. ഉന്നത തല അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കാലത്തിന് പോലും മായ്ക്കാൻ കഴിയാത്ത വേദനയാണ് അച്ഛനമ്മമാർക്ക് ദേവനന്ദയുടെ വിയോഗം സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതുവിധേനയും ജീവനോടെ കണ്ടെത്താനായിരുന്നു ശ്രമിച്ചത്. ഉഹാപോഹങ്ങളും അനുമാനങ്ങളും ഏറെയുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പൊലീസിന് മുന്നോട്ടുപോകാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവനന്ദ കേരളത്തിന്റെ മനസിലെ മായാത്ത ദുഖമാണ്. ഇനി അങ്ങനെയൊരു മരണം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത എല്ലാവരുടേയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top