സെൻസസുമായി ബന്ധപ്പെട്ടുള്ള ആശങ്ക പരിഹരിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിച്ചു

സെൻസസുമായി ബന്ധപ്പെട്ടുയർന്ന ആശങ്ക പരിഹരിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിച്ചു. മാർച്ച് 16നു വൈകിട്ട് അഞ്ചിനാണു യോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിൽ ഒരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെൻസസുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്ന് പ്രതിപക്ഷം നിരവധി തവണ നിലപാടെടുത്തിരുന്നു. എന്യൂമറേറ്റർമാരുടെ നിയന്ത്രണം കേന്ദ്രത്തിനാണെന്നും സെൻസസിൽ ഏതു ചോദ്യം ചോദിക്കണമെന്നുള്ള അധികാരം എന്യൂമറേറ്റർമാർക്കാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവകക്ഷിയോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. മാർച്ച് 16നു വൈകിട്ട് അഞ്ചിനാണ് യോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

രണ്ട് ലക്ഷം പേർ സ്വന്തം വീടുകളിൽ കിടന്നുറങ്ങുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുകയാണ് വേണ്ടതെന്നും അല്ലാതെയുള്ള നിലപാട് സാഡിസ്റ്റ് മനോഭാവമാണെന്നും ലൈഫ് പദ്ധതിയെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. കെഎഎസ് പരീക്ഷയിൽ അപാകതയുണ്ടായിട്ടില്ല. പിഎസ്‌സിയുടെ വിശദീകരണം മുഖവിലയ്‌ക്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ പരീക്ഷയുടെ ചോദ്യങ്ങൾ കെഎഎസിൽ ഉൾപ്പെട്ടെന്ന ആരോപണത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനക്ഷേമ നടപടികൾ ജനങ്ങളെ അറിയിക്കുന്നത് പെയ്ഡ് ന്യൂസല്ലെന്നും പെയ്ഡ് ന്യൂസ് തുടങ്ങിവച്ചതും പ്രയോഗിച്ചതും കോൺഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top